sai
എസ്.എൻ.ഡി.പി. യോഗം ചാത്തന്നൂർ യൂണിയന്റെ പുരസ്കാരം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനിൽ നിന്ന് സ്വീകരിക്കുന്നു (ഫയൽ ചിത്രം )

ചാത്തന്നൂർ: പകൽക്കുറി ഗവ. ഹൈസ്‌കൂളിലും മറ്റനവധി സംഗീത വിദ്യാലയങ്ങളിലുമായി ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് സംഗീതം പകർന്നുനൽകിയ എം. സായിബാബുവിന്റെ വയലിൻ നിലച്ചു.

നിധിപോലെ സൂക്ഷിച്ച 300 വർഷത്തിലേറെ പഴക്കമുള്ള വയലിൻ ഇനിയുള്ളവർക്കായി കാത്തുവച്ചാണ് എഴുപത്തിരണ്ടാം വയസിൽ അദ്ദേഹം കടന്നുപോയത്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 2012 ൽ പ്രസിദ്ധീകരിച്ച '72 ബ്രഹ്മനാദ ശ്രുതികൾ' എന്ന ഗ്രന്ഥം എഴുതുമ്പോഴും ഏറെ അടുപ്പമുള്ളവരോട് പറഞ്ഞിരുന്നപോലെ എഴുപത്തി രണ്ടാം വയസിൽ അന്ത്യവും സംഭവിച്ചു.

'ശിവരാത്രി നാളിൽ പോകുമെന്ന്' ഇന്നലെയും പറഞ്ഞിരുന്നതായി മകൾ ശ്രുതി പറഞ്ഞു. വീക്ഷണം പത്രത്തിൽ ഏറെക്കാലം ജ്യോതിഷ പംക്തി കൈകാര്യം ചെയ്തിരുന്നു. 1985 മുതൽ 2005 വരെ പകൽകുറി ഗവ. ഹൈസ്കൂളിലെ സംഗീതാദ്ധ്യാപകനായിരുന്നു. 2004 ൽ കേരള സംഗീത നാടക അക്കാദമി പുരസ്കാരം നേടി. സംസ്കാര സാഹിതി, വേളമാനൂർ ഭഗവതി ക്ഷേത്രം, ശ്രീനാരായണഗുരു ക്ഷേത്രം, എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ തുടങ്ങി നിരവധി സാംസ്‌കാരിക സംഘടനകളുടെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇളയ മകൾ സ്മൃതി സംഗീതത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.