quratine

കൊല്ലം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി വിദേശത്തുനിന്ന് എത്തുന്ന യാത്രക്കാരുടെ ക്വാറന്റൈൻ വ്യവസ്ഥകളിൽ മാറ്റം വരുത്തി. 72 മണിക്കൂറിനുള്ളിൽ ലഭിച്ച ആർ.ടി.പി.സി.ആർ പരിശോധനാഫലം ഓൺലൈൻ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം.
യു.കെ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്ന് വരുന്നവർ എയർപോർട്ടിലെ പരിശോധനയിൽ നെഗറ്റീവ് ആണെങ്കിൽ ഏഴു ദിവസം ആരോഗ്യ വകുപ്പിന്റെ കർശന മേൽനോട്ടത്തിൽ ഗൃഹ നിരീക്ഷണത്തിൽ കഴിയണം. തുടർന്ന് ആർ.ടി.പി.സി.ആർ പരിശോധന നടത്തി ഫലം നെഗറ്റീവ് ആയാലും ഏഴു ദിവസം കൂടി ഗൃഹ നിരീക്ഷണത്തിൽ തുടരണം. പോസിറ്റീവ് ആവുകയാണെങ്കിൽ ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന സ്ഥാപനത്തിലോ വീട്ടിലോ ചികിത്സ തുടരാം. വൈറസിന്റെ പുതിയ വകഭേദം ആണെങ്കിൽ സ്ഥാപന നിരീക്ഷണത്തിന്റെ പ്രത്യേക യൂണിറ്റിൽ രോഗം ഭേദമാകുന്നതുവരെ ചികിത്സ നൽകും. രോഗബാധിതരുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരും നിരീക്ഷണത്തിൽ പ്രവേശിക്കണം. രോഗലക്ഷണങ്ങൾ പ്രകടമാക്കുമ്പോഴോ ഏഴാം ദിവസമോ പരിശോധന നടത്താം.
യൂറോപ്പ്, മദ്ധ്യകിഴക്കൻ രാജ്യങ്ങൾ, മറ്റു വിദേശ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വരുന്നവർ പരിശോധനാഫലം നെഗറ്റീവ് ആയാലും 14 ദിവസം സ്വയം ഗൃഹ നിരീക്ഷണത്തിൽ പ്രവേശിക്കണം. രോഗബാധിതർ ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം ചികിത്സയിൽ തുടരണം.
14 ദിവസത്തിൽ കുറഞ്ഞ കാലയളവിലേക്ക് വരുന്ന എല്ലാവരും തിരികെ പോകുന്നതുവരെ പരിഷ്‌കരിച്ച വ്യവസ്ഥകൾ ഉൾപ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.ശ്രീലത അറിയിച്ചു.