pongala

കൊല്ലം: പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ വാർഷിക പൊങ്കാല ഇന്ന് രാവിലെ 10ന് നടക്കും. ക്ഷേത്രംവക പണ്ടാര അടുപ്പിലാണ് ഇത്തവണ പൊങ്കാലയും മഞ്ഞനീരാട്ടും നടക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ പൊതുനിരത്തിൽ പൊങ്കാല ഉണ്ടായിരിക്കില്ല. ഭക്തജനങ്ങൾക്ക് ഈ സമയം സ്വവസതിയിൽ പൊങ്കാല സമർപ്പണം നടത്താം.

പൊങ്കാലയിൽ തളിക്കുന്നതിനുള്ള തീർത്ഥം രാവിലെ 5.30 മുതൽ ക്ഷേത്രത്തിൽ നിന്ന് നൽകും. ക്ഷേത്രം മേൽശാന്തി ഇടമന ഇല്ലത്ത് ബാലമുരളി ശ്രീകോവിലിൽ നിന്ന് ദീപം കൊളുത്തി പണ്ടാര അടുപ്പിലേക്ക് പകരും. പൊങ്കാല പാകമാകുമ്പോൾ ക്ഷേത്രത്തിലെ വ്രതധാരികളായ ഭക്തന്മാർ മഞ്ഞനീരാട്ടും പൊങ്കാല സമർപ്പണവും നടത്തും. തുടർന്ന് വൈകിട്ട് കൊച്ചുപിലാംമൂട് മുനീശ്വരസ്വാമി ക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളത്ത് ഉണ്ടായിരിക്കും. രാത്രി 7.30ന് ' കർണശപഥം ' കഥകളി, 12ന് കരുതി തർപ്പണം എന്നിവയും നടക്കും. ഭക്തർക്ക് നിയന്ത്രണവിധേയമായി ദർശനം അനുവദിക്കും.

ഉത്സവത്തോടനുബന്ധിച്ചുള്ള വിശേഷാൽ പൂജകൾ, നവകം, പഞ്ചകം, പ്രസാദവിതരണം മുതലായവ റെയിൽവേ പൊലീസ്, റെയിൽവേ സംരക്ഷണ സേന, ഈസ്റ്റ് പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുടെയും ഓട്ടോറിക്ഷാ തൊഴിലാളികളുടെയും സഹകരണത്തേടെയാണെന്ന് ഭാരവാഹികൾ അറിയിച്ചു