കടയ്ക്കൽ: തുടയന്നൂർ അരത്തകണ്ടപ്പൻ ക്ഷേത്ര ഉത്സവത്തിനിടെ ആൽമര ശിഖരം ഒടിഞ്ഞുവീണ് കുട്ടികൾ ഉൾപ്പെടെ ഏഴുപേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ വീശിയ ശക്തമായ കാറ്റിലായിരുന്നു അപകടം. മണലുവട്ടം സ്വദേശി ജീജാകുമാരി (35), പന്തളം മുക്ക് സ്വദേശികളായ വിശ്വംഭരൻ (56), ബിനു (40), ശിവചന്ദ്രൻ (23), പന്തളംമുക്ക് സ്വദേശികളായ ഗിരിജ (33), വൈഗ (7), മാധവൻ (6) എന്നിവർക്കാണ് പരിക്കേറ്റത്. ജീജാകുമാരി, വിശ്വംഭരൻ, ബിനു, ശിവചന്ദ്രൻ എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
റോഡിൽ നിന്ന് അഞ്ചടി ഉയരത്തിൽ ക്ഷേത്രമുറ്റത്ത് നിന്ന ആൽമരത്തിന്റെ വലിയ ശിഖരം ഒടിഞ്ഞ് റോഡിന് കുറുകെയും തൊട്ടടുത്തുള്ള പറമ്പിലെ സ്റ്റാളുകൾക്ക് മുകളിലേക്കും പതിക്കുകയായിരുന്നു. വളക്കടകൾക്ക് സമീപം നിന്നവർക്കാണ് പരിക്കേറ്റത്. വൈദ്യുതി ലൈനുകൾ പൊട്ടിവീണെങ്കിലും ആർക്കും വൈദ്യുതാഘാതമേൽക്കാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. സമീപത്തെ നിരവധി വൈദ്യുതി തൂണുകൾ കടപുഴകി.
പരിക്കേറ്റവരെ ഉടൻ താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു. പലർക്കും തലയ്ക്കും തോളിലുമാണ് പരിക്ക്. പിന്നീട് കടയ്ക്കൽ ഫയർ സ്റ്റേഷനിലെ ജെ. സുരേഷ് കുമാർ, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ ടി. വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നാട്ടുകാരുടെ സഹായത്തോടെയാണ് മരം മുറിച്ചുനീക്കിയത്. ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് സാധാരണ ആയിരങ്ങൾ എത്തുന്നതാണ്. ഇത്തവണ ഉത്സവചടങ്ങ് ലളിതമായതിനാൽ ജനക്കൂട്ടം കുറവായിരുന്നു.