ravi

കൊട്ടാരക്കര: കൊട്ടാരക്കരയിൽ കാറും ബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. സദാനന്ദപുരം കളയ്ക്കാട് വീട്ടിൽ രവിയാണ് (45, മോനച്ചൻ) മരിച്ചത്. കാറിൽ ഒപ്പം സഞ്ചരിച്ച മൂന്നുപേരെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ബസ് യാത്രക്കാരായ മൂന്നുപേരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12ഓടെ കൊട്ടാരക്കര എം.സി റോഡിൽ ഈയ്യംകുന്ന് ജഗ്ഷനിലായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തുനിന്ന് വന്ന കെ.എസ്.ആർ.ടി.സി ബസും കൊട്ടാരക്കരയിൽ നിന്ന് സദാനന്ദപുരത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. രവിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കൊട്ടാരക്കര പൊലീസ് കേസെടുത്തു.