hospital

 ജില്ലാ ആശുപത്രിയിൽ ഒ.പി പുനരാരംഭിക്കുന്നു

കൊല്ലം: ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ജില്ലാ ആശുപത്രിയിൽ ഒ.പി പുനരാരംഭിക്കുന്നു. ഓരോ സ്പെഷ്യാലിറ്റി ഒ.പിയും ആഴ്ചയിൽ രണ്ട് ദിവസം വീതമാകും പ്രവർത്തിക്കുക. ഏപ്രിലിൽ കിടത്തി ചികിത്സയും ശസ്ത്രക്രിയ അടക്കവും തുടങ്ങാനാണ് ആലോചന.

ജില്ലാ ആശുപത്രിയിലെ കൊവിഡ് കാഷ്വാലിറ്റി തിങ്കളാഴ്ച മുതൽ ആശ്രാമം ഹോക്കി സ്റ്റേഡിയത്തിലെ സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റും. കൊവിഡ് നിർണയത്തിനുള്ള സ്വാബ് ശേഖരണം, കൊവിഡ് സ്ഥിരീകരിച്ചവരുടെ പ്രാഥമിക പരിശോധന എന്നിവയും ഹോക്കി സ്റ്റേഡിയത്തിലാകും. കാര്യമായ ആരോഗ്യ പ്രശ്നമില്ലാത്തവരെ ഹോക്കി സ്റ്റേഡിയത്തിൽ തന്നെ ചികിത്സിക്കും. അത്യാസന്ന നിലയിലുള്ളവരെ മാത്രം ജില്ലാ ആശുപത്രിയിലെ ഐ.സി.യുവിലോ പാരിപ്പള്ളി മെഡിക്കൽ കോളേജിലോ പ്രവേശിക്കും.

ഒ.പി ആരംഭിക്കുന്നതിന് മുന്നോടിയായി വരും ദിവസങ്ങളിൽ ശുചീകരണം നടക്കും. ജില്ലയിൽ കൊവിഡ് വ്യാപനം ഉയർന്നതോടെ കഴിഞ്ഞ ജൂലായിലാണ് ജില്ലാ ആശുപത്രി കൊവിഡ് ട്രീറ്റ്മെന്റ് സെന്ററാക്കിയത്. ഇതോടെ കാഷ്വാലിറ്റിക്ക് പുറമേ ഡയാലിസിസ് മാത്രമാണ് നടന്നിരുന്നത്. ഇതോടെ ചികിത്സയ്ക്ക് ഉപയോഗിച്ചിരുന്ന കോടികളുടെ ഉപകരണങ്ങൾ നിശ്ചലമായിരുന്നു. ഡോക്ടർമാരിൽ ഒരു വിഭാഗത്തെ താലൂക്ക് ആശുപത്രികളിലേക്ക് മാറ്റിയിരുന്നു. പക്ഷെ പ്രധാന ശസ്ത്രക്രിയകൾക്കുള്ള സൗകര്യം പല താലൂക്ക് ആശുപത്രികളിലുമില്ല. അതുകൊണ്ട് ഇത്തരം രോഗികൾ തിരുവനന്തപുരം മെഡിക്കൽ കോളേജിനെയോ സ്വകാര്യ ആശുപത്രികളെയോ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഇതിനാണ് ഇപ്പോൾ പരിഹാരമാകുന്നത്.

 താലൂക്ക് ആശുപത്രികളിൽ കൊവിഡ് ചികിത്സ

കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂർ താലൂക്ക് ആശുപത്രികളിൽ വരും ദിവസങ്ങളിൽ കൊവിഡ് ചികിത്സ ആരംഭിക്കും. പുനലൂർ താലൂക്ക് ആശുപത്രിയിൽ 20, കരുനാഗപ്പള്ളി, കൊട്ടാരക്കര എന്നിവിടങ്ങളിൽ പത്ത് വീതം കിടക്കകളാണ് സജ്ജീകരിക്കുക. നിലവിൽ ഇവിടങ്ങളിൽ കൊവിഡ് നിരീക്ഷണം മാത്രമാണുള്ളത്.

 ജനങ്ങളുടെ ശ്രദ്ധയ്ക്ക്

1. ഒ.പി തുടങ്ങുക ഈമാസം 17 മുതൽ

2. ഓരോ സ്പെഷ്യാലിറ്റി ഒ.പിയും ആഴ്ചയിൽ രണ്ട് ദിവസം

3. ഏപ്രിൽ ഒന്ന് മുതൽ കിടത്തി ചികിത്സ

4. ഏപ്രിൽ പകുതിയോടെ ശസ്ത്രക്രിയ അടക്കം പുനരാരംഭിക്കും

5. നിലവിൽ 65 പേരാണ് കൊവിഡ് ചികിത്സയിലുള്ളത്

6. ഇവർക്കായി ഹോക്കി സ്റ്റേഡിയത്തിൽ കൂടുതൽ സൗകര്യം

 നേരത്തെ ഉണ്ടായിരുന്ന ഒ.പി:

22 (സ്പെഷ്യാലിറ്റി അടക്കം)

 വിവിധ സ്പെഷ്യാലിറ്റി ഒ.പികളും ദിവസവും

തിങ്കൾ, വ്യാഴം: ന്യൂറോളജി, യൂറോളജി, ഡെർമറ്റോളജി

ചൊവ്വ, വെള്ളി: കാർഡിയോളജി, മെഡിസിൻ, സർജറി, ഇ.എൻ.ടി, ഓർത്തോ, ഒഫ്താൽമോളജി

ബുധൻ, ശനി: പി.എം.ആർ, ഫിസിയാട്രി, പൾമനോളജി

തിങ്കൾ മുതൽ ശനി വരെ: ജനറൽ ഒ.പി, എൻ.സി.ഡി, ജെറിയാട്രിക്, ദന്തൽ

''

ഈമാസം 17 മുതൽ ഒ.പി ഘട്ടംഘട്ടമായി പുനരാരംഭിക്കും. കൊവിഡ് നിയന്ത്രണവിധേയമാകുന്നതോടെ പൂർണതോതിൽ പ്രവർത്തിച്ച് തുടങ്ങും.

ഡോ. വസന്തദാസ്

ജില്ലാ ആശുപത്രി സൂപ്രണ്ട്