പത്തനാപുരം : സെന്റ് മേരീസ് സ്കൂളിന് സമീപം ആരംഭിക്കുന്ന ടാർ മിക്സിംഗ് പ്ലാന്റിനെതിരെ പ്രതിഷേധം ശക്തമാകുന്നു. 50 ദിവസമായി പ്ലാന്റ് സ്ഥാപിക്കുന്ന സ്ഥലത്ത് നടക്കുന്ന സമരം
മറ്റു തലങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ. പുനലൂർ -മൂവാറ്റുപുഴ റോഡിന്റെ നവീകരണത്തിനായിട്ടാണ് സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനി ജനവാസ മേഖലയിൽ സ്വകാര്യ വ്യക്തിയുടെ ഭൂമി പാട്ടത്തിനെടുത്ത് ടാർ മിക്സിംഗ് പ്ലാന്റ് നിർമ്മിക്കാനൊരുങ്ങുന്നത്. പ്ലാന്റ് സ്ഥാപിക്കുന്നതിന് ജനവാസമില്ലാത്ത സൗകര്യപ്രദമായ മറ്റ് പ്രദേശങ്ങൾ ഉണ്ടെന്നിരിക്കെ 2000ത്തിലധികം കുട്ടികൾ പഠിക്കുന്ന സ്കൂളും ദേവാലയങ്ങളും നൂറ് കണക്കിന് വീടുകളുമുള്ള ജനവാസ മേഖലയിൽ പ്ലാന്റ് സ്ഥാപിക്കുന്നത് പ്രദേശവാസികളോടുള്ള വെല്ലുവിളിയാണെന്ന് നാട്ടുകാർ പറയുന്നു.
നാട്ടുകാർ ആശങ്കയിൽ
ഇതിനിടെ പ്ലാന്റിന് അനുമതി നിഷേധിച്ച പത്തനാപുരം പഞ്ചായത്ത് ഭരണസമിതിക്കും സമരത്തിന് നേതൃത്വം നൽകുന്നവർക്കുമെതിരെ സ്വകാര്യകമ്പനി കേസ് നൽകിയിട്ടുണ്ട് .
പ്ലാന്റ് സ്ഥാപിക്കുന്നതോടെ ജനവാസമേഖലയിൽ ആരോഗ്യപ്രശ്നങ്ങൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ എന്നിവ ഉണ്ടാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.പ്ളാന്റിനെതിരെ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറായില്ലെങ്കിൽ ഈ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ബഹിഷ്കരണം ഉൾപ്പടെ പ്രതിഷേധത്തിനും നാട്ടുകാർ ആലോചിക്കുന്നുണ്ട്.
പ്രതിഷേധ ധർണ
പ്രതിഷേധ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പത്തനാപുരം ടൗണിൽ നടന്ന പ്രതിഷേധ ധർണ
ടി.വി അവതാരകനും സാമൂഹിക പ്രവർത്തകനുമായ ഹരി പത്തനാപുരം ഉദ്ഘാടനം ചെയ്തു. കർമ്മ സമിതി പ്രസിഡന്റ് കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം പൊന്നമ്മ ജയൻ, ഗ്രാമപഞ്ചായത്ത് അംഗം എം. എസ്. നിവാസ് ,സി .ആർ. നജീബ് ,എ. എം. ആർ. ഹാഷിം ,രതീഷ്, വി. എം .മോഹനൻപിള്ള എന്നിവർ സംസാരിച്ചു.
പ്ലാന്റിന് സൗകര്യപ്രദമായ മറ്റ് സ്ഥലങ്ങൾ ഉള്ളപ്പോൾ ഇവിടെ തന്നെ പ്ലാന്റ് സ്ഥാപിക്കണമെന്നത് പ്രദേശവാസികളോടുള്ള വെല്ലുവിളിയായി കരുതുന്നു.
എ.എം.ആർ .ഹാഷിം (പൊതുപ്രവർത്തകൻ)
ജനവാസ മേഖലയിലെ ടാർ മിക്സിംഗ് പ്ലാന്റ് മാറ്റി സ്ഥാപിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ സംഘടിച്ച് പ്രക്ഷോഭം സംഘടിപ്പിക്കും.
എം.സാജു ഖാൻ (ഗ്രാമ പഞ്ചായത്തംഗം)