e

കൊല്ലം: കയ്പമംഗലത്തിന് പകരം ആർ.എസ്.പിക്ക് മട്ടന്നൂർ സീറ്റ് നൽകാൻ കോൺഗ്രസ് തീരുമാനം. കയ്പമംഗലം, ആറ്റിങ്ങൽ എന്നിവിടങ്ങളിൽ കോൺഗ്രസ് മത്സരിക്കുമ്പോൾ ആർ.എസ്.പിക്ക് കൊല്ലത്തോ മറ്റേതെങ്കിലും മണ്ഡലത്തിലോ സീറ്റ് നൽകണമെന്നായിരുന്നു ആർ.എസ്.പിയുടെ ആവശ്യം. കയ്പമംഗലം കോൺഗ്രസ് ഏറ്റെടുത്തപ്പോഴും പകരം സീറ്റ് ആർ.എസ്.പിക്ക് നൽകിയിരുന്നില്ല. മുൻപ് അഞ്ചു മണ്ഡലങ്ങളിൽ മത്സരിച്ചിരുന്നത് നാലായി ചുരുങ്ങിയതിൽ പാർട്ടി പ്രവർത്തകർക്ക് അതൃപ്തിയുണ്ടായിരുന്നു. ആർ.എസ്.പി സംസ്ഥാന കമ്മിറ്റിയിൽ കോൺഗ്രസിനെതിരെ ശക്തമായ ഭാഷയിലാണ് നേതാക്കൾ പ്രതികരിച്ചത്. നേതൃത്വത്തിന്റെ കഴിവുകേടുമൂലമാണ് ഉണ്ടായിരുന്ന സീറ്റു കിട്ടാതിരുന്നതെന്നായിരുന്നു വിമർശനം. തുടർന്നാണ് ആർ.എസ്.പിക്ക് മട്ടന്നൂർ നൽകി പ്രശ്‌നപരിഹാരമുണ്ടാക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്.

 മട്ടന്നൂരിൽ ഇല്ലിക്കൽ അഗസ്റ്റി

മട്ടന്നൂരിൽ ആർ.എസ്.പി ഇന്നലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഇല്ലിക്കൽ അഗസ്റ്റിയാണ് അങ്കത്തിനിറങ്ങുക. ഇതോടെ സംസ്ഥാനത്ത് അഞ്ച് മണ്ഡലങ്ങളിൽ ആർ.എസ്.പി മത്സരിക്കും. ചവറയിൽ ഷിബു ബേബി ജോൺ, ഇരവിപുരത്ത് ബാബു ദിവാകരൻ, കുന്നത്തൂരിൽ ഉല്ലാസ് കോവൂർ, ആറ്റിങ്ങലിൽ അഡ്വ. ശ്രീധരൻ എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ.