gadhibhavan

പത്തനാപുരം: മുഖ്യമന്ത്രി പിണറായി വിജയന് തിരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനുള്ള തുക ഇത്തവണയും പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാർ നൽകും. കരകൗശല വസ്തുക്കൾ,​ പാഴ്‌വസ്ത്രങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച ചവിട്ടികൾ എന്നിവ വിറ്റുകിട്ടിയതിന്റെ ഒരു പങ്കാണ് പിണറായിക്ക് നൽകുക. കഴിഞ്ഞ തവണയും ഗാന്ധിഭവനിലെ അമ്മമാരാണ് തുക സമ്മാനിച്ചത്. തിരുവിതാംകൂർ മുൻ ദിവാനായിരുന്ന സർ സി.പിയുടെ ജ്യേഷ്ഠന്റെ ചെറുമകൾ ആനന്ദവല്ലി അമ്മാളിന്റെ നേതൃത്വത്തിലുള്ള ഒൻപത് അമ്മമാരാണ് അന്ന് എ.കെ.ജി സെന്ററിലെത്തി തുക കൈമാറിയത്. കൊവി‌ഡ് പശ്ചാത്തലത്തിൽ ഇത്തവണ കണ്ണൂരിലുള്ള പിണറായിക്ക് നേരിട്ട് തുക കൈമാറാൻ കഴിയാത്തതിനാൽ പ്രതിനിധിയായ നോർക്ക എക്‌സി. വൈസ് ചെയർമാൻ കെ. വരദരാജൻ ഗാന്ധിഭവനിലെത്തി തുക ഏറ്റുവാങ്ങി.

2014 ഡിസംബറിൽ ഗാന്ധിഭവനിലെത്തിയ പിണറായി അമ്മമാർക്കൊപ്പം ഒന്നര മണിക്കൂറോളം ചെലവഴിച്ചിരുന്നു. പിന്നീട് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നെന്ന് അറിഞ്ഞപ്പോൾ കെട്ടിവയ്ക്കാനുള്ള തുകയുമായി അമ്മമാരെത്തുകയായിരുന്നു. മുഖ്യമന്ത്രിയായ ശേഷവും പിണറായി അമ്മമാരുടെ അരികിലെത്തിയിരുന്നു. കഴിഞ്ഞ ഓണത്തിന് അദ്ദേഹം എല്ലാ അമ്മമാർക്കും ഓണക്കോടി വാങ്ങി നൽകി. കൊവിഡ് കാലത്ത് പിണറായി അടിക്കടി വിളിച്ച് അമ്മമാരുടെ ആരോഗ്യവിവരങ്ങൾ അന്വേഷിച്ചിരുന്നു. മകളുടെ വിവാഹത്തിനും ഗാന്ധിഭവൻ കുടുംബത്തെ ക്ഷണിച്ചിരുന്നു.സംസ്ഥാന കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ, നടനും ഗാന്ധിഭവൻ അന്തേവാസിയുമായ ടി.പി. മാധവൻ എന്നിവർ പങ്കെടുത്തു. ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, അസി. സെക്രട്ടറി ജി. ഭുവനചന്ദ്രൻ, ട്രസ്റ്റി പ്രസന്ന രാജൻ, എക്‌സി. മാനേജർ ബി. പ്രദീപ് എന്നിവർ തിങ്കളാഴ്ച രാവിലെ ധർമ്മടത്തെത്തി പിണറായിക്ക് തുക കൈമാറും.