court

കൊല്ലം: വിരമിച്ച ജീവനക്കാർക്ക് പെൻഷൻ അനുവദിക്കുന്ന കാര്യത്തിൽ അനാവശ്യ കാലതാമസം സൃഷ്ടിക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. ഇത് ജീവനക്കാരുടെ സാമ്പത്തിക സ്ഥിതി തകിടം മറിക്കുമെന്നും ഉത്തരവിൽ പറയുന്നു.
കൊല്ലം പഞ്ചായത്ത് ഉപഡയറക്ടർക്കാണ് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവ് നൽകിയത്.

കൊട്ടാരക്കര നീലേശ്വരം സ്വദേശിനി കെ. മഞ്ജുഷ സമർപ്പിച്ച പരാതിയിലാണ് നടപടി. വിഷയത്തിൽ കൊല്ലം പഞ്ചായത്ത് ഉപഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചു. പരാതിക്കാരിയുടെ ഭർത്താവ് അന്യത്ര സേവനവ്യവസ്ഥയിൽ ജോലി ചെയ്ത കാലയളവിലുള്ള വിവരങ്ങൾ സേവന പുസ്തകത്തിൽ രേഖപ്പെടുത്താത്തത് കാരണമാണ് പെൻഷൻ താമസിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരിയുടെ ഭർത്താവിന്റെ ശ്രദ്ധക്കുറവ് കാരണമാണ് ഇത് സംഭവിച്ചതെന്നും റിപ്പോർട്ടിലുണ്ട്.
എന്നാൽ സേവന പുസ്തകത്തിൽ തിരുത്തലും ഉൾപ്പെടുത്തലും നടത്താൻ തന്റെ ഭർത്താവിന് അധികാരമില്ലെന്ന് പരാതിക്കാരി കമ്മിഷനെ അറിയിച്ചു. പരാതിക്കാരിയുടെ ഭർത്താവിന് പെൻഷൻ ലഭിക്കാൻ കാലതാമസമുണ്ടായതായി കമ്മിഷൻ വിലയിരുത്തി. കുളത്തൂപ്പുഴ, തെന്മല പഞ്ചായത്തുകളിലെ ഉദ്യോഗസ്ഥർ ഇതിൽ ഉത്തരവാദികളാണെന്നും ഉത്തരവിൽ പറയുന്നു. മേലിൽ ഇത്തരം കാര്യങ്ങളിൽ ജാഗ്രതവേണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.