quarry

കൊല്ലം: ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദേശമനുസരിച്ച് ക്വാറി ഖനന മേഖലയിൽ 200 മീറ്റർ ദൂരപരിധി നിർബന്ധമാക്കിയാൽ സ്ഥലം ഭൂപരിഷ്കരണ നിയമത്തിന്റെ പരിധിയിലാവും. ദൂരപരിധിയെന്നത് ഒരുവശത്തേക്ക് മാത്രമല്ല, ചുറ്റിലും ബാധകമാണെന്നിരിക്കേ ക്വാറിഉടമ ഭീമമായ രജിസ്‌ട്രേഷൻ ഫീസ് അടയ്ക്കേണ്ടിവരും. ഇത്തരത്തിൽ ഭൂമി സ്വന്തമായി രജിസ്റ്റർ ചെയ്തുകഴിയുമ്പോൾ ഭൂമിയുടെ അളവ് 15 ഏക്കറിൽ അധികം ഉണ്ടാകുമെന്നതിനാൽ ഇത് ഭൂപരിഷ്കരണ നിയമത്തിന്റെ പരിധിയിലാവുകയും അവിടെ ഖനനം നടത്താൻ സാധിക്കാതെ വരുകയും ചെയ്യുമെന്നാണ് വിദഗ്ദ്ധ പക്ഷം.

 ദൂരപരിധിയിലെ നിയമവഴി

1957ലെ കേന്ദ്ര ഖനന നിയമപ്രകാരം നിയമനിർമ്മാണം നടത്താൻ അതത് സംസ്ഥാനങ്ങൾക്ക് അധികാരമുണ്ട്. ജനവാസ മേഖലയിൽ നിന്ന് ഖനന മേഖലയിലേക്കുള്ള ദൂരപരിധി 50 മീറ്ററായി നിശ്ചയിച്ച് 1967ൽ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ 2015 ഫെബ്രുവരി ഏഴിന് കേരള മൈനർ മിനറൽ കൺസഷൻ നിയമത്തിൽ ഭേദഗതിവരുത്തി ദൂരപരിധി 100 മീറ്ററാക്കി. എതിർപ്പുകൾ ശക്തമായതോടെ 2017 ജൂൺ 22ന് വീണ്ടും 50 മീറ്ററാക്കി പുനർനിർണയം നടത്തി. ദൂരപരിധി വിഷയം സംസ്ഥാന സർക്കാർ പരിസ്ഥിതി വകുപ്പിന് കൈമാറിയതിനുശേഷം സംസ്ഥാന പരിസ്ഥിതി ആഘാത നിഗമന അതോറിറ്റിയുടെ (സിയാ) 2019 ജനുവരി 14ലെ തീരുമാനപ്രകാരം 50 മീറ്റർ മതിയെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ദേശീയ ഹരിത ട്രൈബ്യൂണൽ 50 മീറ്റർ ദൂരപരിധിയെന്ന കണക്ക് കുറവാണെന്നും വിദഗ്ദ്ധപഠനം നടത്തി റിപ്പോർട്ട് നൽകണമെന്നും സംസ്ഥാന പൊല്യൂഷൻ കൺട്രോൾ ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പഠനത്തിൽ സ്ഫോടനത്തിന്റെ ആഘാതം പരമാവധി 38 മീറ്റർ വരെ മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന് റിപ്പോർട്ട് നൽകി.

 ഭൂപരിഷ്കരണ നിയമം

കൈവശഭൂമിക്ക് പരിധി നിശ്ചയിക്കുക, പാട്ടവ്യവസ്ഥകൾ റദ്ദാക്കുക, എല്ലാ കുടിയാന്മാർക്കും കുടിയായ്മ അവകാശവും സ്ഥിരാവകാശവും നൽകുക, ഒഴിപ്പിക്കൽ പൂർണമായി തടയുക, കൈവശഭൂമിയുടെ ജന്മാവകാശം വാങ്ങുന്നതിനുള്ള അനുമതി കുടിയാന് ലഭ്യമാക്കുക, ഭൂമിയില്ലാത്ത കർഷക തൊഴിലാളികൾക്കും ഹരിജന, ഗിരിജനങ്ങൾക്കും മിച്ചഭൂമി വിതരണം ചെയ്യുക, ജന്മിത്തം അവസാനിപ്പിക്കുക തുടങ്ങിയ പ്രധാന വകുപ്പുകൾ ഉൾപ്പെടുത്തിയാണ് ഭൂപരിഷ്കരണ നിയമം നിർമ്മിച്ചത്. ഓരോരുത്തർക്കും കൈവശം വയ്ക്കാൻ കഴിയുന്ന ഭൂമിയുടെ അളവിൽ പരിധികൾ ഉൾപ്പെടുത്തിയാണ് നിയമനിർമ്മാണം നടത്തിയത്. മേൽ പരിധികളിലും കൂടുതലാണ് ഭൂമിയെങ്കിൽ സർക്കാർ നഷ്ടപരിഹാരം നൽകി അധികമുള്ള ഭൂമി ഏറ്റെടുത്ത് അർഹരായവർക്ക് വിതരണം ചെയ്യും. തോട്ടങ്ങളെ ബില്ലിൽ നിന്ന് ഒഴിവാക്കിയിരുന്നു.1969 നവംബർ ഒന്നിന് അധികാരത്തിൽ വന്ന സി. അച്യുതമേനോൻ മന്ത്രിസഭയുടെ കാലത്താണ് നിയമം പ്രാബല്യത്തിൽ വന്നത്. ഭൂപരിഷ്കരണ ഭേദഗതി നിയമത്തിന് 1970 ജനുവരി ഒന്നിന് പ്രസിഡന്റിന്റെ അനുമതിയും ലഭിച്ചു.