c
മണ്ണാൻതോട് അഷ്ടമുടിക്കായലിൽ പതിക്കുന്ന ഭാഗത്തുള്ള കലുങ്കിന്റെ അടിവശത്ത് മാലിന്യം കെട്ടി നീരൊഴുക്ക് തടസപ്പെട്ട നിലയിൽ

കൊല്ലം: പുള്ളിക്കട കോളനിയിലൂടെ കടന്നുപോകുന്ന മണ്ണാൻതോട്ടിൽ ആശുപത്രി, കക്കൂസ് മാലിന്യങ്ങൾ തള്ളുന്നത് അഷ്ടമുടിക്കായലിലേക്ക് ഒഴുകിപ്പോകുമെന്ന കണക്കുകൂട്ടലിൽ. നഗരത്തിലാണെങ്കിൽ പോലും തോടൊഴുകുന്നത് വിജനമായ സ്ഥലങ്ങളിലൂടെയാണെന്നത് മാലിന്യനിക്ഷേപകർക്ക് സഹായകരമാകുന്നുണ്ട്. ലിങ്ക്‌ റോഡിലുള്ള കലുങ്കിനടിയിലൂടെ ഒഴുകി കായലിൽ പതിക്കാനുള്ള സാഹചര്യമുള്ളതിനാലാണ് മാലിന്യം തുടർച്ചയായി തോട്ടിലേക്ക് തള്ളുന്നത്. പ്ലാസ്റ്റിക് മാലിന്യം ഉൾപ്പടെയുള്ളവ കെട്ടിക്കിടന്ന് കലുങ്കിനടിയിലൂടെയുള്ള നീരൊഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. ഇത്തരക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്നിരിക്കേ അധികൃതർ മൗനം പാലിക്കുന്നത് മാലിന്യനിക്ഷേപകരെ സഹായിക്കാനാണെന്ന ആക്ഷേപം ശക്തമാണ്. ലിങ്ക് റോഡിന് സമീപത്ത് കെട്ടിക്കിടക്കുന്ന മാലിന്യം ഇതുവഴി സഞ്ചരിക്കുന്നവർക്കും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്.

മരുത്തടി വട്ടക്കായലിലും മാലിന്യം

അഷ്ടമുടിയുടെ കൈവഴിയായ മരുത്തടി വട്ടക്കായലിലും വൻതോതിൽ മാലിന്യം തള്ളുന്നുണ്ട്. മരുത്തടി കറങ്ങയിൽ ജംഗ്‌ഷന് സമീപമാണ് മാലിന്യനിക്ഷേപം വ്യാപകം. ചാക്കിൽ കെട്ടിയ നിലയിൽ രാത്രിയിലാണ് മാലിന്യം തള്ളുന്നത്. കൂടുതലും വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങളാണെങ്കിലും ഗാർഹിക മാലിന്യങ്ങളും ഇതിൽ കാണാം. ജൈവമാലിന്യ സംസ്കരണത്തിന് നഗരസഭാ പദ്ധതികൾ നിലവിലുണ്ടെങ്കിലും ജനങ്ങളിൽ ഭൂരിഭാഗവും ഇതൊന്നും പ്രയോജനപ്പെടുത്താറില്ലെന്നതാണ് യാഥാർത്ഥ്യം.

പരിശോധന ശക്തമാക്കണം

തിരഞ്ഞെടുപ്പ് ജോലികൾക്ക് ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നതിനാൽ സാധാരണ നടത്താറുള്ള പരിശോധന ശക്തമല്ലാത്തതാണ് കക്കൂസ് മാലിന്യം നഗരത്തിലെ തോടുകളിലും കായലുകളിലും തള്ളാൻ ഇവരെ പ്രേരിപ്പിക്കുന്നത്. മാലിന്യ നിക്ഷേപകരെ കൈയോടെ പിടികൂടാൻ പരിശോധന ശക്തമാക്കണമെന്നും രാത്രികാല പട്രോളിംഗ് ഊർജിതമാക്കണമെന്നുമാണ് നഗരവാസികളുടെ ആവശ്യം.