കൊല്ലം: പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിൽപ്പെട്ട തന്റെ ജീവിതം തിരിച്ചുപിടിച്ച റെയിൽവേ ട്രാവലിംഗ് ടിക്കറ്റ് എക്സാമിനർ സിനിമോളെ നേരിൽ കണ്ട് നന്ദി പറയാൻ ആർസണെത്തി. കൊല്ലം റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം മുണ്ടയ്ക്കൽ റസി. അസോസിയേഷൻ ഭാരവാഹികൾക്കൊപ്പമെത്തിയ ആർസൻ സിനിമോൾക്ക് പൂച്ചെണ്ട് നൽകി നന്ദി അറിയിച്ചു.
ഈമാസം അഞ്ചിനാണ് പാലക്കാട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ വച്ചാണ് റെയിൽവേയിൽ നിന്ന് ജൂനിയർ എൻജിനിയറായി വിരമിച്ച മുണ്ടയ്ക്കൽ സ്വദേശി ആർസൺ അപകടത്തിൽപ്പെട്ടത്. പാലക്കാട് റെയിൽവേ ആശുപത്രിയിൽ പോയ ശേഷം കേരള എക്സ്‌പ്രസിൽ കയറാൻ ശ്രമിക്കവേയായിരുന്നു അപകടം. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട സിനിമോൾ ഉടൻ ചങ്ങല വലിച്ച് ട്രെയിൻ നിറുത്തിച്ചു. ആശുപത്രിയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ആഴ്സൺ വീട്ടിൽ മടങ്ങിയെത്തിയത്. തുടർന്ന് മുണ്ടയ്ക്കൽ റസി. അസോസിയേഷനുമായി ചേർന്ന് സിനിമോളെ ആദരിക്കാൻ തീരുമാനിക്കുകയായിരുന്നു. തിരുവനന്തപുരം സ്വദേശിയായ സിനിമോൾ ഡ്യൂട്ടിയുടെ ഭാഗമായി ശബരി എക്സ്‌പ്രസിൽ കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു സ്വീകരണം.
റെയിൽവേ സ്റ്റേഷൻ മാനേജർ ജി. ഗോപകുമാർ അദ്ധ്യക്ഷനായി. റെയിൽവേ ഹെഡ് ക്വാർട്ടേഴ്സ് മോട്ടോർ വിംഗ് എസ്.ഐ എസ്. ജേക്കബ്, സതേൺ റെയിൽവേ മസ്ദൂർ യൂണിയൻ പ്രതിനിധി പി.ടി. എബ്രഹാം, ചാപ്ടർ കോളേജ് എം.ഡി എസ്. മോഹനൻ എന്നിവർ പങ്കെടുത്തു.