bus
കടപുഴയിൽ പൊരി വെയിലത്ത്ബസ് കാത്ത് നിൽക്കുന്ന യാത്രക്കാർ.

പടിഞ്ഞാറേക്കല്ലട: പഞ്ചായത്തിലെ കടപുഴ ജംഗ്ഷനിൽ കൊല്ലം തേനി ദേശീയ പാതയിൽ കുണ്ടറ ഭാഗത്തേക്ക് ബസ് കാത്ത് നിൽക്കുന്നവർ ഉച്ച സമയത്ത് പൊരി വെയിലേറ്റ് കരിയുന്നു. യാത്രക്കാർക്ക് ഒന്ന് ഇരിയ്ക്കുവാനോ വിശ്രമിയ്ക്കുവാനോ യാതൊരു സംവിധാനവും ഇവിടെയില്ല. മുൻ കാലങ്ങളിൽ റോഡിന്റെ വശങ്ങളിലായി നിരവധി താത്ക്കാലിക കടകൾ ഉണ്ടായിരുന്നത് ദേശീയ പാത വികസനത്തിന്റെ ഭാഗമായി പൊളിച്ച് മാറ്റി. ഈ കടകളുടെ വശങ്ങളിലായിട്ടായിരുന്നു ഇത്രയും നാൾ യാത്രക്കാർ വെയിലും മഴയും ഏൽക്കാതെ ബസ് കാത്ത് നിന്നിരുന്നത്.

നൂറ് കണക്കിന് യാത്രക്കാർ

കൊവിഡ് വന്നതോടെ ബസ് സർവീസുകളുടെ എണ്ണം കുറഞ്ഞത് കാരണം യാത്രക്കാർ കുറേനേരം ബസ് കാത്ത് നിൽക്കേണ്ട അവസ്ഥയാണ്.വയോധികരും സ്ത്രീകളും രോഗികളുമാണ്ഏറെ ദുരിതം അനുഭവിയ്ക്കുന്നത്. ദിനംപ്രതി നൂറ് കണക്കിന് യാത്രക്കാരാണ് ഇവിടെ നിന്ന് കൊല്ലം , കൊട്ടാരക്കര പുത്തൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. കൂടാതെ ഓരോദിവസവും കഴിയുംതോറും വർദ്ധിച്ചു വരുന്ന കൊടും ചൂടിൽ നിന്ന് യാത്രക്കാർക്ക് മോചനം ലഭിക്കാൻ അടിയന്തരമായി ഒരു ബസ് കാത്തിരിപ്പ് കേന്ദ്രവും കംഫർട്ട് സ്റ്റേഷനും ഇവിടെ സ്ഥാപിയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.