കൊല്ലം: സ്ഥാനാർത്ഥി നിർണയം പൂർത്തിയായതോടെ ജില്ലയിൽ ഇടതുമുന്നണി ചുവരെഴുത്തും പ്രചാരണവും തുടങ്ങി. വിവിധ മണ്ഡലങ്ങളിൽ ചുവരെഴുത്തുകൾ പകുതിയിലധികം പൂർത്തിയായി. പ്രചാരണവും ആരംഭിച്ചു. ചവറയിലെ ഇടത് സ്ഥാനാർത്ഥി സുജിത്ത് വിജയന്റെ ചിഹ്നത്തിൽ തീരുമാനമായില്ല. ഇതൊഴിച്ചുള്ള ചുവരെഴുത്തുകളാണ് പുരോഗമിക്കുന്നത്. ചവറയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷിബു ബേബിജോൺ, എൽ.ഡി.എഫ് സ്ഥാനാർത്ഥികളായ കൊല്ലത്തെ എം. മുകേഷ്, കൊട്ടാരക്കരയിലെ കെ.എൻ. ബാലഗോപാൽ എന്നിവരുടെ ആദ്യഘട്ട പോസ്റ്ററുകൾ വ്യത്യസ്‍തതയോടൊണ് തയ്യാറാക്കിയിരിക്കുന്നത്.
എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനുകൾക്കും തുടക്കമായി. യു.ഡി.എഫ് സ്ഥാനാർത്ഥി നിർണയം പൂർത്തിയാകാത്തതിനാൽ ആർ.എസ്.പി മത്സരിക്കുന്നയിടങ്ങളൊഴികെ പ്രവർത്തനം സജീവമായിട്ടില്ല. മതിലുകൾ ബുക്ക് ചെയ്യുകയും ചിഹ്നം വരക്കുകയും ചെയ്തതൊഴിച്ചാൽ യു.ഡി.എഫ് പാളയങ്ങൾ നിശബ്ദമാണ്. ബി.ജെ.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്തതിനാൽ അവരുടെ പ്രവർത്തനവും തുടങ്ങിയിട്ടില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എല്ലാ മുന്നണികളും സ്ഥാനാർത്ഥികളും നവമാദ്ധ്യമങ്ങളിൽ സജീവമാണ്. പ്രചാരണത്തിനിറങ്ങിയ സ്ഥാനാർത്ഥികൾ വോട്ടർമാർക്കൊപ്പമുള്ള ഫോട്ടോകൾ നവമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നുണ്ട്.