
കൊല്ലം: ചടയമംഗലത്തെ അനിശ്ചിതത്വം നീക്കാൻ സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവിന് ഇന്നലെയും കഴിഞ്ഞില്ല. ചർച്ചകൾ എങ്ങുമെത്താതെ പിരിഞ്ഞതോടെ അന്തിമ തീരുമാനം ഇന്നത്തേയ്ക്ക് മാറ്റി. ചടയമംഗലത്ത് വനിതാ സ്ഥാനാർത്ഥിയെ പരിഗണിക്കുന്നില്ലെങ്കിൽ പാർട്ടി സംസ്ഥാന കമ്മിറ്റിക്ക് എന്ത് വിലയുണ്ടാകുമെന്ന ചോദ്യം സംസ്ഥാന എക്‌സിക്യുട്ടീവിൽ ഉയർന്നു.
അതേസമയം 65 വയസുകാരനായ സി.പി.ഐ നേതാവ് മുസ്തഫയെ ഇക്കുറി പരിഗണിച്ചില്ലെങ്കിൽ പിന്നെ എപ്പോഴെന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരമുണ്ടായില്ല. ചടയമംഗലത്ത് വനിതകളെ പരിഗണിക്കണമെന്ന് പറഞ്ഞപ്പോൾ സമവായമുണ്ടാക്കാൻ നിയോജക മണ്ഡലത്തിന് കീഴിലെ കടയ്ക്കൽ, ചടയമംഗലം മണ്ഡലം കമ്മിറ്റികളിലെ 52 പേരുടെ പ്രത്യേക യോഗം ജില്ലാ കമ്മിറ്റി 10ന് വിളിച്ചിരുന്നു. കമ്മിറ്റിയിൽ മുതിർന്ന നേതാക്കളും പങ്കെടുത്തു. 50 പേരും സി.പി.ഐയുടെ മുതിർന്ന നേതാവും ഇടതുമുന്നണി ചടയമംഗലം കൺവീനറുമായിരുന്ന എ. മുസ്തഫയെ തന്നെ സ്ഥാനാർത്ഥിയാക്കണമെന്നാണ് നിർദേശിച്ചത്. രണ്ടുപേർ അഭിപ്രായം പറഞ്ഞില്ല. ഇക്കാര്യം സംസ്ഥാന കമ്മിറ്റിയിൽ എത്തിയിട്ടും അന്തിമ തീരുമാനമെടുക്കാനാവാതെ കുഴയുകയാണ്.
വനിതയെ പ്രഖ്യാപിച്ചാൽ ചിലപ്പോൾ പാർട്ടി അനുഭാവികളും പ്രവർത്തകരും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനോ അവരുടെ വോട്ടുകൾ മറുവശത്തേയ്ക്ക് മറിയാനോ സാദ്ധ്യതയുണ്ട്. ഇങ്ങനെ സംഭവിച്ചാൽ ഒരു മണ്ഡലമാവും പാർട്ടിക്കില്ലാതാവുക. ചടയമംഗലം, കടയ്ക്കൽ പാർട്ടി കമ്മിറ്റികളുടെ ഭൂരിപക്ഷ അഭിപ്രായത്തിന് വിരുദ്ധമായി പാർട്ടി സംസ്ഥാന തലത്തിൽ പ്രവർത്തിച്ചാൽ അത് ഏറെ ദോഷമുണ്ടാക്കുമെന്നും നേതാക്കൾ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ഇന്ന് സംസ്ഥാന കമ്മിറ്റി ഔദ്യോഗികമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. വനിതാ പ്രാതിനിദ്ധ്യം ജില്ലാ അടിസ്ഥാനത്തിൽ വേണ്ടതില്ലെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും പക്ഷം. സംസ്ഥാന തലത്തിൽ നിശ്ചിത വനിതകൾ വന്നാൽ തന്നെ പ്രാതിനിദ്ധ്യം ഉറപ്പാക്കാമെന്ന നിർദേശം കൂടി പരിഗണിച്ചായിരിക്കും ഇന്ന് തീരുമാനമെടുക്കുക.
 പാർട്ടിയിൽ ഗ്രൂപ്പിസമെന്ന് വിമർശനം
വനിതയെ സ്ഥാനാർത്ഥിയാക്കണമെങ്കിൽ നിർദേശം പോയ മണ്ഡലത്തിൽ പരിഗണിച്ചുകൂടെയെന്നാണ് ഭൂരിഭാഗം നേതാക്കളും ചോദിക്കുന്നത്. ജില്ലയിലെ നാല് മണ്ഡലങ്ങളിൽ നിന്ന് മൂന്നുപേരടങ്ങുന്ന പാനലാണ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടത്. എന്നാൽ അതിൽ ഒരു മണ്ഡലത്തിൽ രണ്ടാമതായി ഒരു വനിതയുടെ പേരും ഉൾപ്പെടുത്തിയിരുന്നു. ഇവിടെ പരിഗണിക്കാതെ ചടയമംഗലത്ത് വനിതയെ ആക്കണമെന്ന നിർദേശത്തിന് പിന്നിൽ പാർട്ടിക്കുള്ളിലെ ഗ്രൂപ്പിസമാണെന്നാണ് വിമർശനം.