കുണ്ടറ: എഴുപത്തഞ്ച് വർഷം മുൻപ് നമുക്ക് ലഭിച്ചത് രാഷ്ട്രീയ സ്വതന്ത്ര്യം മാത്രമാണൈന്നും സമരം ഇനിയും തുടരേണ്ടതുണ്ടെന്നും ഗവർണർ ഡോ. ആരിഫ് മുഹമ്മദ് ഖാൻ. 75-ാം സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നമുക്ക് ദാരിദ്ര്യം, അജ്ഞത, നിരക്ഷരത എന്നിവയിൽ നിന്ന് സ്വതന്ത്ര്യം നേടേണ്ടതുണ്ട്. മഹാത്മാഗാന്ധി സ്വാതന്ത്ര്യത്തിനായി പൊരുതിയത് അഹിംസ ഉപയോഗിച്ചായിരുന്നു. അഹിംസാമാർഗം ലോകം മുഴുവൻ അംഗീകരിച്ചു. ഭാരത സംസ്കൃതിയുടെ കൂടി ഭാഗമായാണിത്. പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകമെന്ന കുമാരനാശാന്റെ വരികൾ ഉദ്ധരിച്ചായിരുന്നു അദ്ദേഹം ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്.
വേലുത്തമ്പിയുടെ ചെറുത്തുനിൽപ്പ് ഭാരതത്തിലെ ആദ്യ സ്വാതന്ത്ര്യസമര കാഹളങ്ങളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു. കുണ്ടറ ഇളമ്പള്ളുർ ഗുരുദേവ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയ് അദ്ധ്യക്ഷനായി. ജില്ലാ കളക്ടർ ബി. അബ്ദുൾ നാസർ സംസാരിച്ചു. സാംസ്ക്കാരിക വകുപ്പ് ഡയറക്ടർ ടി.ആർ. സദാശിവൻ നായർ റിപ്പോർട്ട് അവതരിപ്പിച്ചു. സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് സ്വാഗതവും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് നന്ദിയും പറഞ്ഞു.