കുന്നിക്കോട് : കക്കൂസ് മാലിന്യം കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ടാങ്കർ ലോറി നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് അപകടം. മൂന്ന് പേർക്ക് പരിക്ക്. ഇന്നലെ പുലർച്ചെ 4ന് കുന്നിക്കോട് സർക്കാർ ആശുപത്രിമുക്കിൽ വെച്ചായിരുന്നു അപകടം. കൊട്ടാരക്കരയിൽ നിന്ന് പത്തനാപുരത്തേക്ക് പോകും വഴിയാണ് ടാങ്കർ ലോറി നിയന്ത്രണം വിട്ട് വഴിയരികിലുള്ള മരത്തിൽ ഇടിച്ചത്. ചേർത്തല സ്വദേശികളായ ജിത്തു (24), അനന്തു (35), വിഷ്ണു (25) എന്നിവരായിരുന്നു യാത്രികർ. ഡ്രൈവറായ ജിത്തുവിന്റെ കാലിനും കൈയ്ക്കും സാരമായ പരിക്ക് പറ്റി. മറ്റ് രണ്ട്പേരുടെ പരിക്ക് ഗുരുതരമല്ല. അപകടത്തിൽ ടാങ്കർ ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. അപകടതിന് ശേഷം വാഹനത്തിൽ കുടുങ്ങിയ ജിത്തുവിനെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മൂവരെയും കൊണ്ടുപോയി.