navas
കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ഐ.സി.എസ് ജംഗ്ഷനിലുണ്ടായ വെള്ളക്കെട്ട്

ശാസ്താംകോട്ട: റോഡ് നിർമ്മാണത്തിലെ അപാകത കാരണം വലയുകയാണ് മൈനാഗപ്പള്ളിയിലെ വ്യാപാരികൾ. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിൽ നിരവധി വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. മൈനാഗപ്പള്ളിയിലെ ഐ.സി.എസ്, കുറ്റിയിൽ മുക്ക് മേഖലകളിലെ വ്യാപാര സ്ഥാപനങ്ങളിലാണ് വെള്ളം കയറിയത്.

ഉയരം കൂടിയും കുറഞ്ഞും

കിഫ് ബി പദ്ധതിയിൽ നിർമ്മിക്കുന്ന കരുനാഗപ്പള്ളി - ശാസ്താംകോട്ട റോഡിൽ കുറ്റിയിൽ മുക്ക് മുതൽ ആഞ്ഞിലിമൂട് ഭാഗം വരെയുള്ള റോഡ് നിർമ്മാണത്തെ കുറിച്ച് നേരത്തെ തന്നെ പരാതികളുണ്ടായിരുന്നു. ചില മേഖലകളിൽ റോഡിന് ഉയരം കൂടിയതും പുതുതായി നിർമ്മിച്ച ഓട റോഡിനേക്കാൾ ഉയരത്തിലുമാണുള്ളത്. ഐ .സി. എസ് ജംഗ്ഷനിൽ നിർമ്മിച്ച ഓട റോഡിനേക്കാൾ ഉയർന്ന് നിൽക്കുന്നതും ഒഴുകി എത്തുന്ന വെള്ളം ഓടയിൽ കൂടി ഒഴുകാതെ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് കയറുകയായിരുന്നു. പലചരക്ക് , ഫർണിച്ചർ , സ്‌റ്റേഷനറി , ഹോട്ടൽ ,ടെക്സ്റ്റൈൽസ് തുടങ്ങി നിരവധി സ്ഥാപനങ്ങളിലാണ് വെള്ളം കയറിയത്.

താത്ക്കാലിക പരിഹാരം

വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറിയത് വ്യാപാരികൾക്ക് വലിയ നഷ്ടത്തിനിടയാക്കിയിട്ടുണ്ട്. ജനപ്രതിനിധികളും നാട്ടുകാരും വ്യാപാരികളും പ്രതിഷേധവുമായി രംഗത്ത് വന്നതോടെ പി .ഡബ്ലു .ഡി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് എടുത്ത് മാറ്റി വെള്ളക്കെട്ടിന് താത്ക്കാലിക പരിഹാരം കണ്ടു. .