wood-piece
പടം

കുന്നിക്കോട് : കുന്നിക്കോട്- പത്തനാപുരം പാതയിൽ പനംമ്പറ്റ കുരിശിൻന്മൂട് ജംഗ്ഷനിൽ വെള്ളിയാഴ്ച വൈകിട്ട് ആറിനാണ് ഓടിക്കെണ്ടിരുന്ന കാറുകൾക്ക് മുകളിൽ മരച്ചില്ല വീണ് അപകടം ഉണ്ടായത്. കോന്നി ഐരമൺ രതിഭവനിൽ ദിലീപ്കുമാർ, അടൂർ പറക്കോട് അറുകാലിക്കൽ വെസ്റ്റ് ശ്രീമംഗലത്ത് വീട്ടിൽ അനീഷ്കുമാർ എന്നിവരുടെ കാറുകളാണ് തകർന്നത്. തിരുവനന്തപുരത്തു നിന്നും കോന്നിയിലേക്ക് മടങ്ങിയ ദിലീപിന്റെ കാറിൽ മറ്റ് മൂന്ന് യാത്രക്കാരുണ്ടായിരുന്നു. അനീഷ്കുമാർ പറക്കോട് നിന്ന് പനംമ്പറ്റയിലേക്ക് വരികയായിരുന്നു. കുരിശിന്മൂട് ജംഗ്ഷനിൽ നിന്ന 'പൂവണ്ണ്' മരത്തിന്റെ ചില്ലകളാണ് വാഹനങ്ങളുടെ മുകളിൽ പതിച്ചത്. രണ്ട് കാറുകളുടെയും മുകൾഭാഗം പൂർണമായും തകർന്നെങ്കിലും ഇരുവാഹനങ്ങളിലെയും യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു. ആവണീശ്വരത്ത് നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് നാട്ടുകാരുടെ സഹായത്തോടെ മരച്ചില്ലകൾ മുറിച്ച് മാറ്റി.