photo
നാശോന്മുഖമായ മൂത്തേത്ത് കടവ്.

പ്രദേശവാസികളുടെ ആവശ്യം ശക്തമാകുന്നു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരസഭയിലെ 21-ാം ഡിവിഷനിൽ സ്ഥിതി ചെയ്യുന്ന കോഴിക്കോട് മൂത്തേത്ത് കടവ് സംരക്ഷിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാകുന്നു. 127 വർഷം പഴക്കമുള്ള കടവ് നാശോന്മുഖമായിട്ട് കാൽ നൂറ്റാണ്ടിൽ അധികമായി. നാട്ടുകാർക്ക് സഞ്ചരിക്കാനും വ്യാപാര ആവശ്യങ്ങൾക്കും വേണ്ടി രാജഭരണകാലത്ത് നിർമ്മിച്ച കടവാണ് നാശത്തിലേക്ക് കൂപ്പുകുത്തുന്നത്.

മുമ്പ് കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്ന് കേവ് വള്ളങ്ങളിൽ സാധനങ്ങൾ കൊണ്ടുവന്ന് ഇറക്കിയിരുന്നത് മൂത്തേത്ത് കടവിലായിരുന്നു. ഒരേസമയം അഞ്ച് കേവ് വള്ളങ്ങൾക്ക് കിടക്കാനുള്ള സ്ഥലസൗകര്യവും കടവിലുണ്ടായിരുന്നെന്ന് പഴമക്കാർ പറയുന്നു. മൂത്തേത്ത് കടവ് കൊതിമുക്ക് വട്ടക്കായലിന്റെ ഭാഗമായതിനാൽ വള്ളങ്ങൾക്ക് വന്നുപോകാനുള്ള സൗകര്യവും ഉണ്ടായിരുന്നു. കൊട്ടാരത്തിൻ കടവ്, കന്നിട്ട കടവ്, വെള്ളനാതുരുത്ത് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സാധനങ്ങൾ വള്ളങ്ങളിൽ കൊണ്ടുവന്ന് ഇറക്കിയിരുന്നതും ഇവിടെയാണ്. കൂടാതെ മത്സ്യത്തൊഴിലാളികൾ, കക്കവാരൽ, മണൽ വാരൽ തൊഴിലാളികൾ തുടങ്ങിയവരുടെ വ്യാപാരകേന്ദ്രം കൂടിയായിരുന്നു മൂത്തേത്ത് കടവ്. കടവിനെ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ നഗരസഭാ അധികൃതർ കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശമേറ്റ കടവ്

ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശമേറ്റ് അനുഗ്രഹീതമായ കടവാണിത്. കുന്നിനഴികത്ത് ഭദ്രാ ഭഗവതി ക്ഷേത്രത്തിന്റെ സ്ഥലം കാണാനും പ്രതിഷ്ഠയ്ക്കുമായി രണ്ട് തവണയാണ് ഗുരുദേവൻ തോണി മാർഗം മൂത്തേത്ത് കടവിലെത്തി ക്ഷേത്രത്തിലേക്ക് പോയത്. വലിയ കേവ് വള്ളങ്ങൾക്കും ചെറു വള്ളങ്ങൾക്കും കരയോട് അടുക്കാനുള്ള എല്ലാ സംവിധാനങ്ങളും കടവിൽ ഏർപ്പെടുത്തിയിരുന്നു. പന്മന പ്രദേശത്തെ കോഴിക്കോടുമായി ബന്ധിപ്പിച്ച് കൊണ്ടുള്ള കടത്തും അന്നുണ്ടായിരുന്നു.

കടവ് കൈയേറ്റം

ജലഗതാഗതത്തിന്റെ പ്രാധാന്യം കുറഞ്ഞതോടെയാണ് കടവിന്റെ ശനിദശ ആരംഭിച്ചത്. കേവ് വള്ളങ്ങൾ അന്യംനിന്നു പോവുകയും മത്സ്യത്തൊഴിലാളികൾ ഇവിടം ഉപേക്ഷിക്കുകയും ചെയ്തതോടെ കടവ് നാശത്തിലേക്ക് കൂപ്പുകുത്തി. തുടർന്ന് കൈയേറ്റം ആരംഭിച്ചതോടെ കടവിന്റെ വീതി കുറഞ്ഞു. മാലിന്യം നിറഞ്ഞതോടെ ചെറുവള്ളങ്ങൾക്ക് പോലും കടവിൽ അടുക്കാനാവാത്ത അവസ്ഥയായി. ഇവിടത്തെ കൽപ്പടവുകളും പൂർണമായും തകർന്നു.