pc

 സമുദായിക സമവാക്യം മറന്ന് കോൺഗ്രസ്

കൊല്ലം: കൊല്ലം മണ്ഡലത്തിൽ സാമുദായിക സമവാക്യം മറന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ ചരിത്രം കാണാതെയുള്ള വലിയ വീഴ്ചയ്ക്ക് കാരണമാകുമെന്ന് വിലയിരുത്തൽ. രണ്ടുദിവസം മുൻപ് വരെ ഡി.സി.സി അദ്ധ്യക്ഷ ബിന്ദു കൃഷ്ണയുടെ പേരാണ് പരിഗണിച്ചിരുന്നത്.

എന്നാൽ മറ്റ് പല നിയോജകമണ്ഡലങ്ങളിലും കൂടുതൽ പ്രാതിനിദ്ധ്യം നൽകിയ സമുദായത്തിന് തന്നെ കൊല്ലവും കൊടുക്കുമെന്ന സാദ്ധ്യതയാണ് കൂടുതൽ പ്രചരിക്കുന്നത്. ഈഴവ സമുദായത്തെ കോൺഗ്രസ് അവഗണിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സ്ഥാനാർത്ഥിയെ കെട്ടിയിറക്കിയതിന് പിന്നിൽ.

ഇതിനെതിരെ ശ്രീനാരായണീയർ തിരഞ്ഞെടുപ്പിലൂടെ പ്രതികരിക്കുമെന്നാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇടത് മുന്നണിയും ബി.ജെ.പിയും കൊല്ലത്ത് ഈഴവ സമുദായാംഗങ്ങളെയാണ് സ്ഥാനാർത്ഥികളായി പരിഗണിച്ചത്. 1951ലെ വിജയി ടി.കെ. ദിവാകരൻ മുതൽ എം. മുകേഷിൽ വരെ എത്തിനിൽക്കുന്നു ഇഴവ സമുദായാംഗങ്ങൾ. ഓരോ മണ്ഡലത്തിലും സാമുദായിക പിന്തുണകൂടി വിലയിരുത്തിയാണ് പാർട്ടികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത്. എന്നാൽ മണ്ഡലം പുനർ നിർണയത്തോടെ കൊല്ലത്ത് ഈ സമവാക്യം മാറിമറിഞ്ഞെന്നാണ് ചില കോൺഗ്രസ് നേതാക്കൾ പറയുന്നത്.
ജില്ലയിലെ പതിനൊന്ന് നിയോജക മണ്ഡലങ്ങളിൽ കൊല്ലം ഒഴികെ മറ്റിടങ്ങളിൽ സാമുദായിക സമവാക്യം പാലിക്കുമ്പോൾ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഈറ്റില്ലമായ കൊല്ലത്ത് കാട്ടുന്ന ഇരട്ടത്താപ്പിന് കോൺഗ്രസ് വലിയ വിലനൽകേണ്ടിവരും. മാത്രമല്ല കൊല്ലം പാർലമെന്റിലും നിയമസഭയിലും ഒരേ സമുദായത്തെ പരിഗണിക്കുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണമെന്നുമാണ് ആവശ്യം ഉയരുന്നത്.
1957ൽ എ.എ. റഹീം, 1965ൽ ഹെൻട്രി ഓസ്റ്റിൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടതൊഴിച്ചാൽ ഇവിടെ നിന്ന് വിജയിച്ചവരെല്ലാം ഈഴവ സമുദായാംഗങ്ങളാണ്. വിജയ സാദ്ധ്യത മുന്നിൽ കണ്ടാണ് സ്ഥാനാർത്ഥി നിർണയമെന്ന് ആണയിടുന്ന കോൺഗ്രസ് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് മണ്ഡലത്തിന് പുറത്തുള്ള ഒരാളെ സ്ഥാനാർത്ഥിയാക്കുന്നതെന്നാണ് ഉയരുന്ന ചോദ്യം.

വർഷങ്ങളായി മണ്ഡലത്തിലെ എല്ലാ പ്രശ്‌നങ്ങളിലും രാത്രിയെന്നോ പകലെന്നോ നോക്കാതെ ഇടപെടുന്ന നേതാവാണ് ബിന്ദു കൃഷ്ണ. വലിയൊരു വിഭാഗം കോൺഗ്രസ് പ്രവർത്തകരും സമുദായ നേതാക്കളും കോൺഗ്രസ് തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.


 കൊല്ലം മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പട്ടവർ


1951-54: ടി.കെ. ദിവാകരൻ
1957-60: എ.എ.റഹീം
1965: ഹെൻട്രി ഓസ്റ്റിൻ
1967: ടി.കെ. ദിവാകരൻ
1967: ടി.കെ. ദിവാകരൻ
1977: ത്യാഗരാജൻ
1980: കടവൂർ ശിവദാസൻ
1991: കടവൂർ ശിവദാസൻ
1996: ബാബുദിവാകരൻ
2001-2006: പി.കെ. ഗുരുദാസൻ
2016-2021: എം. മുകേഷ്