നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം
കൊല്ലം: നഗരത്തിൽ പ്രധാന ജംഗ്‌ഷനുകളിലും സ്ഥാപനങ്ങൾക്ക് സമീപത്തുമുൾപ്പെടെ സ്ഥാപിച്ചിട്ടുള്ള പാർക്കിംഗ് നിരോധന ബോർഡുകൾക്ക് പുല്ലുവില കല്പിച്ച് വാഹനയാത്രികർ. ബോർഡുകൾക്ക് ചുവട്ടിൽ പോലും വാഹനങ്ങൾ നിറുത്തിയിട്ട് കടന്നുകളയുന്ന വിരുതന്മാരും കൂട്ടത്തിലുണ്ട്. അനധികൃത പാർക്കിംഗ് മൂലം പലയിടങ്ങളിലും മണിക്കൂറുകളോളം ഗതാഗതം കുരുങ്ങി മുറുകുകയാണ്.
ഹൈസ്‌കൂൾ ജംഗ്‌ഷൻ മുതൽ കാനറാ ബാങ്ക് വരെയുള്ള റോഡിന്റെ ഇരുവശങ്ങളും കളക്ടറേറ്റ്, രാമൻകുളങ്ങര, ആശുപത്രിമുക്ക് തുടങ്ങി നഗരത്തിലെ പ്രധാന ഇടങ്ങളിലെല്ലാം പാർക്കിംഗ് നിരോധന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇവിടങ്ങളിലൊന്നും നിർദ്ദേശം പാലിക്കാതെ തലങ്ങും വിലങ്ങും വാഹനങ്ങൾ പാർക്ക് ചെയ്യുകയാണ്.
മറ്റുള്ളയിടങ്ങളിലും സ്ഥിതി വിഭിന്നമല്ലെങ്കിലും ഏറ്റവും കൂടുതൽ ആളുകളെത്തുന്ന കളക്ടറേറ്റിന് സമീപത്തെ പാർക്കിംഗാണ് കൂടുതൽ തലവേദന സൃഷ്ടിക്കുന്നത്. ഹൈസ്‌കൂൾ ജംഗ്‌ഷൻ മുതൽ കളക്ടറേറ്റ് വരെയുള്ള ഭാഗത്ത് റോഡിൽ ഡിവൈഡർ സ്ഥാപിച്ചിട്ടുള്ളതിനാൽ വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ പ്രയാസമാണ്. ബസുകൾ ഉൾപ്പെടെ ഇത്തരത്തിൽ കുടുങ്ങിക്കിടക്കുന്നതിനാൽ മറ്റുവാഹനങ്ങളും കുരുക്കിൽപ്പെടുകയാണ്.
 'യെസ്' പറഞ്ഞ് പൊലീസ്
നിയമലംഘകരിൽ നിന്ന് പിഴയീടാക്കുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കേണ്ട പൊലീസ് അനധികൃത പാർക്കിംഗിന് നേർക്ക് കണ്ണടയ്ക്കുന്നതായി ആക്ഷേപമുണ്ട്. ഗതാഗതക്കുരുക്ക് മൂലം വാഹനങ്ങളുടെ നീണ്ടനിര പലപ്പോഴും സിഗ്നൽ ഭാഗത്ത് വരെ നീളുന്നുണ്ട്. ഈ സമയം പോയിന്റ് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർ ഗതാഗതക്രമീകരണത്തിനായി ഇടപെടുന്നുണ്ടെങ്കിലും നിരോധിത മേഖലകളിൽ കിടക്കുന്ന വാഹനങ്ങൾക്കെതിരെ പലപ്പോഴും നിയമനടപടി സ്വീകരിക്കാറില്ല.