kollam-thodu
കൊല്ലം തോടിന്റെ സംരക്ഷണഭിത്തി നിർമ്മാണത്തിന്റെ ഭാഗമായി മുണ്ടയ്ക്കലിൽ മരങ്ങൾ മുറിച്ചിട്ട നിലയിൽ

കൊല്ലം: കൊല്ലം തോടിന്റെ സംരക്ഷണഭിത്തി നിർമ്മാണത്തിന്റെ മറവിൽ അനാവശ്യമായി മരങ്ങൾ മുറിച്ചുനീക്കുന്നു. മുണ്ടയ്ക്കൽ ആറ്റുകാൽ പുതുവൽ ഭാഗത്തെ നടപ്പാലത്തിന് സമീപത്തെ മരങ്ങളാണ് മുറിച്ചുനീക്കുന്നത്. തെങ്ങ്, മാവ്, പ്ലാവ് ഇനങ്ങളിൽപ്പെട്ട അൻപതോളം മരങ്ങൾ ഇതിനകം മുറിച്ചുകഴിഞ്ഞു.

തോടിന്റെ അധീനതയിലുള്ള സ്ഥലമാണെന്നാണ് വാദമെങ്കിലും വൻതോതിൽ മരങ്ങൾ മുറിച്ചുനീക്കുന്നത് എന്തിനെന്ന കാര്യത്തിൽ ബന്ധപ്പെട്ടവർക്ക് വ്യക്തമായ ഉത്തരമില്ല. സംരക്ഷണഭിത്തി നിർമ്മാണത്തിന്റെ ഭാഗമായി പില്ലറുകൾ, സ്ളാബുകൾ എന്നിവ സ്ഥാപിക്കുന്ന പണികൾ പുരോഗമിക്കുകയാണ്. മുണ്ടയ്ക്കൽ ഭാഗത്താണ് ഇപ്പോൾ പണികൾ നടക്കുന്നത്. എന്നാൽ ഇതിനായി മരങ്ങളൊന്നും മുറിക്കേണ്ട സാഹചര്യമില്ല.

തീരത്തുള്ള മുഴുവൻ മരങ്ങളും ഇത്തരത്തിൽ നീക്കം ചെയ്യുന്നില്ലെന്നതും ശ്രദ്ധേയമാണ്. നല്ലതരത്തിൽ വിളഞ്ഞതോ കാതലുള്ള തടിയുള്ളതോ ആയ മരങ്ങളാണ് മുറിച്ചുനീക്കിയവയിൽ ഏറെയും. ചെറുതും ഉപയോഗശൂന്യമായതുമായ മരങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.

 മണ്ണിടിച്ചിലിന് സാദ്ധ്യത

കൊല്ലം തോടിന്റെ തീരത്തുള്ള മരങ്ങൾ മുറിച്ചുനീക്കുന്നതിലൂടെ മണ്ണിടിച്ചിലിനുള്ള സാദ്ധ്യത കൂടുതലാകും. അങ്ങനെ സംഭവിച്ചാൽ തോട്ടിലേക്ക് തന്നെയായിരിക്കും മണ്ണ് പതിക്കുന്നത്. തീരത്തുള്ള വീടുകൾക്കും സമീപഭാവിയിൽ നാശം സംഭവിക്കാനും ഇത് ഇടയാക്കും. ആഴം കൂട്ടുന്നതിന്റെ ഭാഗമായി തോട്ടിൽ നിന്ന് മണ്ണെടുത്ത് നീക്കിയത് തീരത്തെ വീടുകളിൽ വിള്ളലുണ്ടാക്കിയതായി നേരത്തെ ആക്ഷേപം ഉയർന്നിരുന്നു.