neppal

രസകരമായ ഒരു ആചാരം ഇന്ത്യയുടെ അയൽ രാജ്യമായ നേപ്പാളിലുണ്ട്. ഭർത്താവിനെ മുതുകത്തേറ്റി ഭാര്യ ഓടുക. ഇതെന്തൊരു അന്യായമാണ് എന്ന് കരുതല്ലേ. യഥാർത്ഥത്തിൽ ലിംഗസമത്വമാണ് ഈ ആചാരത്തിന്റെ കാതൽ. മാർച്ച് മാസം എട്ടാം തിയതി, അന്താരാഷ്ട്ര വനിതാ ദിനത്തിലാണ് നേപ്പാളിലെ ഗ്രാമമായ ദേവ്‍ഘട്ട് വില്ലജ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഈ മത്സരം നടക്കുന്നത്. ഈ വർഷം നടന്ന മത്സരത്തിൽ വിവിധ പ്രായത്തിലുള്ള 16 ദമ്പതികളാണ് പങ്കെടുത്തത്.

100 മീറ്റർ ദൈർഘ്യമുള്ള ട്രാക്കിൽ ആണ് ഭർത്താവിനെ മുതുകത്തേറ്റി ഭാര്യ ഓടേണ്ടത്. ഫിനിഷിംഗ് ലൈൻ കടക്കുന്നതുവരെ ഭർത്താവ് മുതുകത്തുണ്ടാവണം. വലിയ സമ്മാനങ്ങളുള്ള മത്സരമൊന്നുമല്ല ഇത്. പങ്കെടുക്കുക എന്നതാണ് ഈ മത്സരത്തിന്റെ സ്പിരിറ്റ്. " വിവാഹിതരാവുന്ന സ്ത്രീകളുടെ പ്രധാന ഉത്തരവാദിത്തം ഭർത്താവിന്റെ വീട്ടിലെ ജോലികൾ ചെയ്യുകയായിരുന്നു. അതുകൊണ്ട് തന്നെ അവർ കൂടുതൽ പഠിക്കേണ്ടതില്ലെന്നായിരുന്നു ധാരണ. ഈ മത്സരത്തിലൂടെ സ്ത്രീകളും കഴിവുള്ളവരാണെന്നും ശക്തിയുടെയും മാനസിക ക്ഷേമത്തിന്റെ കാര്യത്തിൽ പുരുഷനേക്കാൾ പിന്നിലല്ല സ്ത്രീകൾ എന്ന സന്ദേശം നൽകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്,” വില്ലേജ് കൗൺസിൽ മേധാവിയും പരിപാടിയുടെ സംഘാടകനുമായ ദുർഗ ബഹാദൂർ ഥാപ്പ പറഞ്ഞു.

ഭർത്താവിനെ മുതുകിൽ കയറ്റിയാണ് ഞാൻ ഈ മൽസരത്തിൽ പങ്കെടുത്തത്. വളരെ ധൈര്യത്തോടും ഭക്തിയോടും കൂടിയാണ് ഞാൻ ഇവിടെയെത്തിയത്." ഒന്നാം സ്ഥാനം നേടാനായില്ലെങ്കിലും ഓട്ടത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ ഞാൻ വളരെയേറെ സന്തോഷവതിയാണ്," മത്സരത്തിൽ പങ്കെടുത്ത പശുപതി ശ്രേഷ്ഠ പറഞ്ഞു.