തഴവ: കയറിക്കിടക്കാൻ അടച്ചുറപ്പുള്ള കൂരയില്ലാത്ത നിർദ്ധന യുവതിയും കുഞ്ഞുങ്ങളും സങ്കടക്കാഴ്ചയാകുന്നു.
തഴവ മണപ്പള്ളി വടക്ക് നിലയ്ക്കൽ പടീറ്റതിൽ മുപ്പത്തിമൂന്നുകാരിയായ രമ്യയും പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളും ഏതു നിമിഷവും തകർന്നു വീണേക്കാവുന്ന ഷെഡിലാണ് ഭീതിയോടെ അന്തിയുറങ്ങുന്നത്. 2017 മാർച്ചിലാണ് കൂലിപ്പണിക്കാരനായിരുന്ന രമ്യയുടെ ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചത്. ജീവിത പങ്കാളിയുടെ അപ്രതീക്ഷിത മരണം അന്ന് ഗർഭിണിയായിരുന്ന രമ്യയെ മാനസികമായും ശാരീരികമായും ഏറെ തളർത്തി. അവിടുന്നങ്ങോട്ട് മൂത്ത മകനെ ചേർത്തുപിടിച്ച് വിധിയോട് പട പൊരുതി ജീവിക്കുകയാണ് രമ്യ. തൊഴിലുറപ്പ് ജോലിയും വീട്ടുവേലയും ചെയ്താണ് ഈ അമ്മ കുടുംബം പോറ്റുന്നത്.
വയലിനോട് ചേർന്ന് ഷീറ്റ് ഉപയോഗിച്ച് മേൽക്കൂര പാകിയ ഷെഡിലാണ് മൂന്നംഗ കുടുംബം താമസിക്കുന്നത്. ശക്തമായ കാറ്റിൽ ഷെഡിന്റെ മേൽക്കൂരയിലെ ഷീറ്റ് ഇളകി വീഴുന്നത് പതിവാണ്. ഗ്രാമ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ സർക്കാരിന്റെ ലൈഫ് പദ്ധതിയിലേക്ക് വീടിനായി അപേക്ഷ നൽകി കാത്തിരിക്കുകയാണ് ഇവർ. അത് എന്ന് ലഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല.