cash

കൊല്ലം: കുണ്ടറ ക്ഷീരസംഘത്തിൽ ഉദ്യോഗസ്ഥരായിരുന്ന ദമ്പതിമാർക്ക് ഗ്രാറ്റുവിറ്റിയും പി.എഫും നൽകുന്നില്ലെന്ന് പരാതി. കുണ്ടറ ക്ഷീരസംഘത്തിൽ നിന്ന് സെക്രട്ടറിമാരായി വിരമിച്ച 40 വർഷം സർവീസുള്ള കെ.എസ്. രാജുവിനും 32 വർഷം സർവീസുള്ള ഭാര്യ കെ.ആർ. ഗംഗയ്ക്കുമാണ് പെൻഷൻ ആനുകൂല്യം വർഷങ്ങളായി മുടങ്ങിയത്. രാജു 2015ലും ഗംഗ 2020 ജൂലായിലുമാണ് വിരമിച്ചത്. വകുപ്പുതല ഉത്തരവുകളും ഭരണസമിതി തീരുമാനവും ഉണ്ടായിരുന്നിട്ടും പ്രസിഡന്റ് തടസവാദം ഉന്നയിക്കുകയാണെന്നും പെൻഷൻ നൽകിയില്ലെങ്കിൽ ക്ഷീരസംഘത്തിന് മുന്നിലും പ്രസിഡന്റിന്റെ വീടിന് മുന്നിലും സമരം നടത്തുമെന്നും ഇരുവരും വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വിരമിക്കുന്നതിന് മുമ്പ് തന്നെ ഗ്രാറ്റുവിറ്റിയായി നൽകേണ്ട 9,83,963 രൂപ എൽ.ഐ.സി സംഘത്തിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ടെന്ന് കെ.ആർ. ഗംഗ പറഞ്ഞു. ശമ്പളത്തിൽ നിന്ന് പിടിക്കുന്ന പി.എഫ് വിഹിതം അതത് മാസം ജില്ലാ ബാങ്കിലെ സംഘത്തിനുള്ള 55 ​ാം നമ്പർ പി.എഫ് / സിയിൽ നിക്ഷേപിച്ചിട്ടുണ്ട്. വായ്പയെടുത്ത പണം ഒഴികെയുള്ള ബാക്കിത്തുക ഈ അക്കൗണ്ടിൽ നിക്ഷേപമായിട്ടുണ്ട്. ജീവനക്കാരുടെ ഗ്രാറ്റുവിറ്റി തടഞ്ഞുവയ്ക്കാൻ പാടില്ലെന്ന ഹൈക്കോടതി വിധിയുടെ പകർപ്പ് സഹിതം ക്ഷീരവികസന വകുപ്പിന് അപേക്ഷ നൽകിയിട്ടും യാതൊരു മറുപടിയുമില്ലെന്ന് കെ.ആർ. ഗംഗ ആരോപിച്ചു. ഗ്രാറ്റുവിറ്റിയും പി.എഫും നൽകാൻ തയ്യാറായാൽ ആ തുക ഭരണസമിതിക്കാർ അടയ്‌ക്കേണ്ടിവരുമെന്ന് സംഘം പ്രസിഡന്റ് ഭരണ സമിതിയംഗങ്ങളെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും അവർ ആരോപിച്ചു.

സംഘം ഭരണസമിതി യോഗത്തിൽ ഓഡിറ്റർ കൂടി പങ്കെടുത്ത് 1,10,130 രൂപ മാത്രമേ സംഘത്തിൽ അടയ്ക്കാനുള്ളൂവെന്ന് ഭരണസമിതിയെ ബോദ്ധ്യപ്പെടുത്തിയിരുന്നു. ബാക്കി തുക നൽകാൻ 2017ൽ ഭരണസമിതി തീരുമാനമെടുത്തിട്ടും അത് നൽകാൻ സംഘം പ്രസിഡന്റ് തയ്യാറാകുന്നില്ല. ആനുകൂല്യങ്ങൾ ലഭിക്കാനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണെന്നും രാജു വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

അർഹതപ്പെട്ട പെൻഷൻ കിട്ടാത്തതിനാൽ മരുന്നിനും നിത്യച്ചെലവിനും ബുദ്ധിമുട്ടുകയാണെന്നും ഇക്കാര്യത്തിൽ പരിഹാരമുണ്ടാകാൻ കുണ്ടറ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഇരുവരും പറഞ്ഞു.