
പടിഞ്ഞാറേക്കല്ലട: പടി. കല്ലട പഞ്ചായത്തിലെ കോതപുരം വാർഡിൽ തലയിണക്കാവ് ഹരിജൻ കോളനിയിലും കെട്ടിടത്തിൽ ചരുവ് ഭാഗത്തും കൃത്യമായി വെള്ളം ലഭിക്കാറില്ലെന്ന് നാട്ടുകാരുടെ പരാതി. വാട്ടർ അതോറിട്ടിയുടെ ശാസ്താംകോട്ട ഫിൽട്ടർ ഹൗസിൽ നിന്നുള്ള വെള്ളമാണ് വർഷങ്ങളായി ഇവിടെ ലഭിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി പരാതി അറിയിച്ചാൽ മാത്രം കുറച്ചു ദിവസം വെള്ളം കിട്ടുകയും അതുകഴിയുമ്പോൾ വീണ്ടും പഴയ അവസ്ഥ തുടരുകയും ചെയ്യുമെന്ന് നാട്ടുകാർ പറയുന്നു. കുടിവെള്ളം കിട്ടിയില്ലെങ്കിലും വെള്ളക്കരം കൃത്യമായി അടച്ചില്ലെങ്കിൽ കണക്ഷൻ കട്ടാക്കാനുള്ള നോട്ടീസ് കിട്ടും.
കിണറുകൾ വറ്റിത്തുടങ്ങി
വേനൽ കടുത്തതോടെ മലയോരപ്രദേശങ്ങളിലെ മിക്ക കിണറുകളും വറ്റിത്തുടങ്ങി. ദൈനംദിന ആവശ്യങ്ങൾക്ക് ദൂരസ്ഥലങ്ങളിൽ പോയി വെള്ളം കൊണ്ടു വരേണ്ട ഗതികേടിലാണ് നാട്ടുകാർ. ഏകദേശം അൻപതോളം കുടുംബങ്ങളാണ് ദുരിതം അനുഭവിക്കുന്നത്. കുടിവെള്ളക്ഷാമം പരിഹരിക്കാൻ അധികൃതർ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
രണ്ട് വർഷം മുൻപുവരെ നല്ല നിലയിൽ ജലവിതരണം നടന്നിരുന്നു. അതിനു ശേഷം എല്ലാം താറുമാറായി. പരാതിപ്പെട്ടാൽ ഉടൻ പരിഹരിക്കുമെന്നാണ് പറയുന്നത്. ഇവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. വേനൽ കടുത്തതോടെ പ്രദേശവാസികൾ ദുരിതത്തിലാണ്.
അഡ്വ. വേണുഗോപാൽ, കെട്ടിടത്തിൽ, കോതപുരം.