കുന്നത്തൂർ : ബി.ജെ.പിയും സി.പി.എമ്മും ഒരേ തൂവൽപ്പക്ഷികളാണന്നും തുടർഭരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഒത്തുകളിക്കുകയാണന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. കോൺഗ്രസ് മൈനാഗപ്പള്ളി കിഴക്ക് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗവും പ്രഥമ തൊഴിലാളി ശ്രേഷ്ഠ പുരസ്കാകാര ജേതാവ് നാസറുദ്ദീൻ കുട്ടിയെയും ജനപ്രതിനിധികളെയും ആദരിക്കുന്ന ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി കോൺഗ്രസ് മുക്ത ഭാരതവും സി.പി.എം കോൺഗ്രസ് മുക്ത കേരളവുമാണ് സ്വപ്നം കാണുന്നത്. പിണറായി വിജയന് തുടർഭരണവും ബി.ജെ.പിക്ക് പത്ത് സീറ്റുമാണ് ഇവർ തമ്മിലുള്ള ധാരണ. 2026ൽ ബി.ജെ.പിയെ പ്രധാന കക്ഷിയാക്കി മാറ്റുകയും വീണ്ടും പിണറായി വിജയൻ മുഖ്യമന്ത്രിയാവുകയും 2031ൽ ബി.ജെ.പിയെ ഭരണത്തിൽ വരുത്തുകയുമാണ് ലക്ഷ്യം. രണ്ട് കൂട്ടരും മുസ്ലിംവിരുദ്ധ പ്രസ്താവനകൾ നടത്തി ഹൈന്ദവ ഏകീകരണം ലക്ഷ്യമിടുകയാണ്. ഇത് കേരളമാണന്നും വർഗീയ ധ്രുവീകരണം വിലപ്പോവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ഡലം പ്രസിഡന്റ് വിദ്യാരംഭം ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി പി. രാജേന്ദ്രപ്രസാദ്, യു.ഡി.എഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂർ, നേതാക്കളായ എം.വി. ശശികുമാരൻ നായർ, കെ. കൃഷ്ണൻകുട്ടി നായർ, പി.കെ. രവി, വൈ. ഷാജഹാൻ, തോമസ് വൈദ്യൻ, രവി മൈനാഗപള്ളി, തുണ്ടിൽ നൗഷാദ്, കെ. സുകുമാര പിള്ള, പി.എം. സെയ്ദ്, ബി. സേതുലക്ഷ്മി, സിജുകോശി വൈദ്യൻ, ഇടവനശേരി ബഷീർ, ഗോകുലം അനിൽ, ഷാജി ചിറക്കുമേൽ, എബി പാപ്പച്ചൻ, എസ്. രഘുകുമാർ, എം.എ. സമീർ, വേങ്ങ വഹാബ്, കൊയ്‌വേലി മുരളി, ജോസ് മത്തായി, മുളവൂർ സതീശ്, ഉണ്ണി ഇലവിനാൽ, ഷമീർ ഇസ്മായിൽ തുടങ്ങിയവർ പ്രസംഗിച്ചു.