കരുനാഗപ്പള്ളി: കേരളത്തിൽ വികസനത്തുടർച്ചയുണ്ടാവാൻ എൽ.ഡി.എഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കരുനാഗപ്പള്ളി അസംബ്ളി മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ. രാമചന്ദ്രന്റെ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ടൗൺ ക്ലബിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ അടിസ്ഥാന സൗകര്യവികസനവും ജനങ്ങളുടെ ജീവിത പുരോഗതിയും ലക്ഷ്യംവെച്ചാണ് സർക്കാരിന്റെ പ്രവർത്തനം. ഏത് പ്രതിസന്ധി ഘട്ടങ്ങളിലും സർക്കാർ ജനങ്ങൾക്കൊപ്പമുണ്ടായിരുന്നു. ജനകീയ പങ്കാളിത്തത്തോടെയാണ് എല്ലാ പ്രതിസന്ധികളെയും മറികടന്നത്. മുൻ യു.ഡി.എഫ് സർക്കാർ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ പൂർണമായും തകർത്തിരുന്നു. ഇതിനെതിരായ കേരളജനതയുടെ പ്രതിഷേധമായിരുന്നു 2016ലെ തിരഞ്ഞെടുപ്പിൽ കണ്ടത്. ബി.ജെ.പിയും സംഘപരിവാർ ശക്തികളും ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇതിനെതിരെ കേരളത്തിൽ ശക്തമായ പ്രതിരോധ നിര പടുത്തുയർത്തുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ്. ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ കേന്ദ്ര സർക്കാർ വിറ്റ് തുലയ്ക്കുമ്പോൾ കേരളത്തിലെ പൊതു മേഖലാ സ്ഥാപനങ്ങൾ ലാഭത്തിലാക്കാനുള്ള പരിശ്രമമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. എൽ.ഡി.എഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരാൻ കരുനാഗപ്പള്ളി മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ. രാമചന്ദ്രനെ വിജയിപ്പിക്കണമെന്നും കാനം ആവശ്യപ്പെട്ടു. യോഗത്തിൽ പി.ആർ. വസന്തൻ അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് നേതാക്കളായ മുല്ലക്കര രത്നാകരൻ എം.എൽ.എ, കെ.ആർ. ചന്ദ്രമോഹനൻ, ഡോ. എ.എ. അമീൻ, പി.കെ. ബാലചന്ദ്രൻ, ജെ. ജയകൃഷ്ണപിള്ള, ആർ. സോമൻപിള്ള, വിജയമ്മ ലാലി, അഡ്വ. എം.എസ്. താര, സി. രാധാമണി, പി.ബി. സത്യദേവൻ, കമറുദ്ദീൻ മുസലിയാർ, റെജി ഫോട്ടോപാർക്ക്, പാലയ്ക്കൽ കൃഷ്ണൻകുട്ടി, അബ്ദുൽസലാം അൽഹനാമ, പിലിപ്പോസ്, അഡ്വ. ബി. ഗോപൻ, കോട്ടയിൽ രാജു തുടങ്ങിയവർ പ്രസംഗിച്ചു. സ്ഥാനാർത്ഥി ആർ. രാമചന്ദ്രൻ യോഗത്തിൽ സംസാരിച്ചു.