chandi
അങ്കണവാടി എംപ്ളോയീസ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്യുന്നു. ബാബു ദിവാകരൻ, അൻസർ അസീസ്, കടകംപള്ളി മനോജ് തുടങ്ങിയവർ സമീപം

കൊല്ലം: അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം കാലോചിതമായി വർദ്ധിപ്പിക്കുന്നതിന് യാതൊരു നടപടിയും സ്വീകരിക്കാതെ അങ്കണവാടി സമൂഹത്തെ അവഗണിക്കുകയാണ് ഇടതുസർക്കാർ ചെയ്തതെന്ന് കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ പറഞ്ഞു. അങ്കണവാടി എംപ്ലോയീസ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫ് സർക്കാർ ഓണറേറിയത്തിൽ അഞ്ച് വർഷത്തിൽ 6,500 രൂപയുടെ വർദ്ധനവ് വരുത്തിയപ്പോൾ പിണറായി സർക്കാർ 500 രൂപയുടെ വർദ്ധനവാണ് നടപ്പിലാക്കിയത്. സംസ്ഥാനത്തെ അങ്കണവാടി ജീവനക്കാർക്ക് ഇ.എസ്.ഐ നടപ്പിലാക്കുവാൻ ഇടതുസർക്കാർ തയ്യാറാകാത്തത് വഞ്ചനയാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

യൂണിയൻ പ്രസിഡന്റ് കടകംപള്ളി മനോജ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ഇരവിപുരം മണ്ഡലം സ്ഥാനാർത്ഥി ബാബു ദിവാകരൻ, അൻസർ അസീസ്, എം.ജി. ജയകൃഷ്ണൻ, കുരുവിള ജോസഫ്, പാലത്തറ രാജീവ്, കെ. ശിവരാജൻ, മണക്കാട് സലിം, നെല്ലിക്കുന്നം സുലോചന, ബ്രിജിത്ത്, റഹിയാനത്ത്, ആർ. രാജേഷ്, ശ്യാംമോഹൻ തുടങ്ങിയവർ സംസാരിച്ചു.