അഞ്ചൽ: മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി തിരക്കുള്ള റോഡിൽ ഡ്രൈവിംഗ് പരിശീലനം നടത്തുന്നതുമൂലം അഞ്ചൽ റോഡ് കൊലക്കളമാകുന്നു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചൽ ചന്തമുക്കിൽ തഴമേൽ റോഡിലുണ്ടായ അപകടമാണ് ഇതിൽ അവസാനത്തേത്. ഈ അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഞ്ചൽ ചൂരക്കുളം സ്വദേശി ശിവരാമൻ (56) ഇന്നലെ വൈകിട്ട് മരിച്ചു. അഞ്ചൽ മാർക്കറ്റ് ജംഗ്ഷനിലെ ചുമട്ടു തൊഴിലാളിയായിരുന്നു ശിവരാമൻ. ശിവരാമന്റെ മരണത്തോടെ ഒരു കുടുംബത്തിന്റെ ഏക ആശ്രയമാണ് നഷ്ടപ്പെട്ടത്. ഓട്ടോ റിക്ഷാ സ്റ്റാൻഡിലേക്ക് ഒരു സ്ത്രീ ഡ്രൈവിംഗ് പരിശീലിച്ച് വന്ന കാറാണ് അപകടത്തിൽ പെട്ടത്.
വൈള്ളിയാഴ്ച വൈകിട്ട് അഞ്ചൽ ചന്തമുക്കിൽ തഴമേൽ റോഡിലുണ്ടായ അപകടമാണ് ഇതിൽ അവസാനത്തേത്. ഈ അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഞ്ചൽ ചൂരക്കുളം സ്വദേശി ശിവരാമൻ (56) ഇന്നലെ വൈകിട്ട് മരിച്ചു. അഞ്ചൽ മാർക്കറ്റ് ജംഗ്ഷനിലെ ചുമട്ടു തൊഴിലാളിയായിരുന്നു ശിവരാമൻ. ശിവരാമന്റെ മരണത്തോടെ ഒരു കുടുംബത്തിന്റെ ഏക ആശ്രയമാണ് നഷ്ടപ്പെട്ടത്. ഓട്ടോ റിക്ഷാ സ്റ്റാൻഡിലേക്ക് ഒരു സ്ത്രീ ഡ്രൈവിംഗ് പരിശീലിച്ച് വന്ന കാറാണ് അപകടത്തിൽ പെട്ടത്.
അപകടങ്ങൾ നിരവധി
മൂന്നാഴ്ച മുമ്പേ മാർക്കറ്റ് ജംഗ്ഷനിൽ തന്നെ അൽ അമാൻ സ്റ്റോറിലേക്ക് ഡ്രൈവിംഗ് പരിശീലിച്ചുകൊണ്ടിരുന്ന ഒരു സ്ത്രീ ഓടിച്ച കാർ പാഞ്ഞുകയറി. ഷട്ടർ തകർത്ത് കാർ കടയ്ക്കുള്ളിലേക്ക് കയറിയെങ്കിലും കട അടച്ചിരുന്നതിനാൽ ആളപായമുണ്ടായില്ല. സദാ ആൾതിരക്കുള്ള കടയാണിത്. ഡ്രൈവിംഗ് പരിശീലനത്തിനിടെ വാഹനങ്ങൾ തട്ടിയും മറിഞ്ഞും നിരവധി പേർക്കാണ് അടുത്തിടെ അഞ്ചൽ മേഖലയിൽ അപകടങ്ങൾ സംഭവിച്ചിട്ടുള്ളത്.
നടപടിയെടുക്കാതെ അധികൃതർ
പകൽ സമയം റോഡിൽ തിരക്കുള്ളപ്പോഴും ഡ്രൈവിംഗ് പരിശീലനം തകൃതിയായി നടക്കുന്നു. നിയമം ലംഘിച്ച് തിരക്കുള്ള റോഡിലൂടെ വാഹന പരിശീലനം നടത്തുന്നത് പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പ് അധികൃതരുടെയും ശ്രദ്ധയിൽ പെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. അപകടങ്ങൾ സംഭവിച്ചാലും കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ പൊലീസ് തയ്യാറാകാത്തതും മേഖലയിൽ ചട്ടം ലംഘിച്ച് ഡ്രൈവിംഗ് പരിശീലനം നടത്തുന്നതിന് കാരണമായിട്ടുണ്ട്.