kudivellam
കുടിവെള്ള പൈപ്പ് പൊട്ടിയതിന്റെ ഉറവിടം കണ്ടെത്താൻ പൂയപ്പള്ളി ജംഗ്ഷനിൽ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് റോഡ് കുഴിക്കുന്നു

ഓയൂർ: പൂയപ്പള്ളിയിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി കുടിവെള്ള വിതരണം നിലച്ചിട്ട് രണ്ടാഴ്ച.പൈപ്പിന്റെ തകരാർ കണ്ട് പിടിക്കാനാകാതെ അധികൃതർ കുഴയുന്നു. രണ്ടാഴ്ച മുമ്പാണ് പൂയപ്പള്ളി ജംഗ്ഷനിലെ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പുലൈൻ പൊട്ടി കുടിവെള്ളം പാഴായത്. അതോടെ ജംഗ്ഷനിലെ റോഡ് ഭാഗികമായി തകർന്നു. വിവരമറിഞ്ഞ ജലവകുപ്പ് അധികൃതർ രണ്ട് ദിവസത്തിന് ശേഷം ഇതുവഴിയുള്ള ജലവിതരണം നിറുത്തിവച്ചു.പിന്നീട് ഒരാഴ്ചയോളം ആരും ഈ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കിയില്ല.

ചോർച്ചയുടെ ഉറവിടം കണ്ടെത്തിയില്ല

പൈപ്പിന്റെ തകരാർ കണ്ട് പിടിക്കാൻ കഴിഞ്ഞ ദിവസങ്ങളിലും രാത്രിയിലും പകലുമായി മണ്ണ് മാന്തി യന്ത്രവുമായെത്തിയ ഉദ്യോഗസ്ഥർ ജംഗ്ഷൻ മുഴുവനും തോണ്ടിയെങ്കിലും ചോർച്ചയുടെ ഉറവിടം കണ്ടെത്താനാനായില്ല. പൂയപ്പള്ളി ജംഗ്ഷനിൽ കൊല്ലം-കുളത്തൂപ്പുഴ റോഡും കൊട്ടാരക്കര - ഓയൂർ റോഡും സംഗമിക്കുന്ന ടാറിംഗ് ചെയ്ത ഭാഗം ഏറക്കുറെ കുഴി തോണ്ടിയിരിക്കുകയാണ്.

റോഡ് ടാർചെയ്ത ഭാഗം അടിക്കടി മാന്തിയിളക്കുന്നത് നാട്ടുകാർ എതിർക്കുമെന്ന ഭയത്താൽ പൊലീസിന്റെ സാന്നിദ്ധ്യത്തിലാണ് റോഡ് കുഴിച്ചത്.എന്നാൽ രാത്രി ഏറെ വൈകിയും ചോർച്ചയുള്ള ഭാഗം കണ്ടെത്താനാകാതെ കുഴി മണ്ണിട്ട് മൂടിയ ശേഷം ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

കളക്ടർ ഇടപെട്ടു

കുടിവെള്ളക്ഷാമം രൂക്ഷമായതോടെ ജനങ്ങൾ പ്രതിഷേധിച്ചു. പ്രശ്നത്തിൽ കളക്ടർ ഇടപെട്ട് യുദ്ധകാലാടിസ്ഥാനത്തിൽ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാൻ ഉത്തരവായി. കഴിഞ്ഞ ദിവസം രാവിലെ റോഡിന്റെ വിവിധ ഭാഗങ്ങൾ കുഴിക്കുകയും തുടർന്ന് ഗതാഗതം തടസപ്പെടുകയും ചെയ്തു. പൂയപ്പള്ളി പൊലീസെത്തി ഗതാഗതനിയന്ത്രണം ഏറ്റെടുത്തു. എന്നാൽ ചോർച്ച കണ്ടെത്താനായില്ല. പൂയപ്പള്ളി ജംഗ്ഷൻ ഉൾപ്പടെ പഞ്ചായത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും ദിവസങ്ങളായി കുടിവെള്ളവിതരണ സംവിധാനം തകർന്നിരിക്കുകയാണ്.