
കൊല്ലം: ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയെ കൊല്ലം നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാത്തതിൽ പ്രതിഷേധിച്ച് നേതാക്കളുടെ കൂട്ടരാജി. ഡി.സി.സി ജനറൽ സെക്രട്ടറിമാരും മണ്ഡലം - ബ്ലോക്ക് പ്രസിഡന്റുമാരും ഗ്രൂപ്പിന് അതീതമായാണ് രാജിവച്ചത്.
കഴിഞ്ഞ നാലര വർഷം കൊല്ലത്ത് പാർട്ടിക്കുവേണ്ടി അദ്ധ്വാനിച്ച ബിന്ദുകൃഷ്ണയെ പരിഗണിക്കാതെ പി.സി. വിഷ്ണുനാഥിനെ സ്ഥാനാത്ഥിയാക്കുന്നതിൽ ന്യായീകരണമില്ലെന്നാണ് ഇവരുടെ നിലപാട്. ബിന്ദുകൃഷ്ണയെ സ്ഥാനാർത്ഥിയാക്കിയില്ലെങ്കിൽ ഒരൊറ്റ കോൺഗ്രസ് പ്രവർത്തകൻ പോലും പ്രവർത്തനത്തിന് ഇറങ്ങില്ലെന്ന് രാജിവച്ച നേതാക്കൾ പറയുന്നു.
കെ.പി.സി.സി പ്രസിഡന്റിന് ഇ-മെയിലായാണ് രാജിക്കത്ത് അയച്ചത്. വൈകിട്ട് ഏഴുവരെ പതിനാല് ഡി.സി.സി ഭാരവാഹികളാണ് രാജിവച്ചത്. കൊല്ലം ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. ത്രിദീപ് കുമാർ, അഡ്വ. കാഞ്ഞിരംവിള അജയകുമാർ, എം.എം. സഞ്ജീവ് കുമാർ, സന്തോഷ് തുപ്പാശേരിൽ, കെ.കെ. സുനിൽ കുമാർ, ഏരൂർ സുഭാഷ്, കെ. ശശിധരൻ, ജി. ജയപ്രകാശ്, എൻ. ഉണ്ണിക്കൃഷ്ണൻ, ജെയിൻ ആൻസിൽ ഫ്രാൻസിസ്, വാളത്തുംഗൽ രാജഗോപാൽ, ജി. സേതുനാഥ പിള്ള, കൃഷ്ണവേണി.ജി. ശർമ്മ, പാണ്ഡവപുരം രഘു എന്നിവരാണ് രാജിവച്ചത്.
കോൺഗ്രസ് കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ആർ. രമണൻ, അഞ്ചാലുംമൂട് ബ്ലോക്ക് പ്രസിഡന്റ് കുഴിയം ശ്രീകുമാർ, വിവിധ മണ്ഡലം പ്രസിഡന്റുമാരായ ശിവപ്രസാദ്, എൻ. മരിയാൻ,
കെ.എം.റഷീദ്, അഡ്വ. ഉളിയക്കോവിൽ സന്തോഷ്, എ. മോഹൻ ബോസ്, സായി ഭാസ്‌കർ, ബൈജു മോഹൻ, ചെറുകര രാധാകൃഷ്ണൻ, പനയം സജീവ് എന്നിവരും രാജിവച്ചു. കൊല്ലം നിയോജക മണ്ഡലത്തിലെ പത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളിൽ ഒൻപതിടത്തും പ്രസിഡന്റുമാർ രാജിക്കത്ത് കൊടുത്തിട്ടുണ്ട്.
പിന്തുണച്ച് വനിതകൾ, കണ്ണീരണിഞ്ഞ് ബിന്ദുകൃഷ്ണ
ബിന്ദുകൃഷ്ണയെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം വാടി കടപ്പുറത്തെ മത്സ്യത്തൊഴിലാളികൾ ഡി.സി.സി ഓഫീസിലെത്തിയത് വൈകാരിക രംഗങ്ങൾ സൃഷ്ടിച്ചു. സ്ത്രീകൾ പൊട്ടിക്കരഞ്ഞ് ചുറ്റുംകൂടിയപ്പോൾ ബിന്ദു കൃഷ്ണയുടെ കണ്ണുകളും നിറഞ്ഞൊഴുകി. പി.സി. വിഷ്ണുനാഥ് കൊല്ലത്ത് മത്സരിക്കുമെന്ന് ചാനലുകളിൽ വാർത്ത വന്നതോടെയാണ് സ്ത്രീകൾ കച്ചവടം നിറുത്തി ഡി.സി.സി ഓഫീസിലേയ്ക്ക് എത്തിയത്. അവർ കെട്ടിപ്പിടിച്ച് കരഞ്ഞതോടെ അതുവരെ പടിച്ചുനിന്ന ബിന്ദുകൃഷ്ണയും കരഞ്ഞുപോയി. തങ്ങളുടെ ദുരിതങ്ങളിൽ കൂടെനിൽക്കുന്ന ആളുതന്നെ കൊല്ലത്ത് എം.എൽ.എ ആവണമെന്ന് പറഞ്ഞായിരുന്നു സ്ത്രീകളുടെ പ്രതിഷേധം. കുണ്ടറയിൽ മത്സരിക്കാൻ താത്പര്യമില്ലെന്ന് ബിന്ദു കൃഷ്ണ നേരത്തെ നേതൃത്വത്തെ അറിയിച്ചിരുന്നു.