കൊട്ടാരക്കര : കൊട്ടാരക്കരയിൽ തികച്ചും രാഷ്ട്രീയ പോരാട്ടത്തിന് കളം ഒരുങ്ങുകയാണെന്ന് ഇടത് മുന്നണി സ്ഥാനാർഥി കെ.എൻ ബാലഗോപാൽ പറഞ്ഞു. കൊട്ടാരക്കരയിൽ ഇടത് മുന്നണി നേതാക്കൾക്കൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയൻ സർക്കാർ നടപ്പാക്കിയ ജനക്ഷേമ പ്രവർത്തനങ്ങൾ, വികസന പദ്ധതികൾ, പി.ഐഷാപോറ്റി എം.എൽ.എ നടത്തിയ കൊട്ടാരക്കരയിലെ വികസനനേട്ടങ്ങൾ ഒക്കെത്തന്നെ വോട്ടുകളായി മാറും. എല്ലാ വിഭാഗം ജനങ്ങളുടെയും കരുതലും സ്നേഹവുമായിരുന്നു സർക്കാർ. അത് തന്നെയാണ് തുടർ ഭരണ സാദ്ധ്യത ഉണ്ടാക്കിയതും. കൊട്ടാരക്കരയിൽ സമഗ്ര വികസനം നടപ്പാക്കുവാൻ ഇടത് മുന്നണി സ്ഥാനാർഥി വിജയിക്കേണ്ടതുണ്ട്. വികസനവും സമാധാനവും ആണ് ലക്ഷ്യം. അടിമുടി മുന്നണി ഒരുങ്ങി, കൺവെൻഷനുകൾ പൂർത്തിയായി വരുന്നു. 25ന് വൈകിട്ട് 5ന് റെയിൽവേ സ്റ്റേഷൻ കവലയിൽ അമ്പലക്കര ഗ്രൗണ്ടിൽ നടക്കുന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. പി. ഐഷാ പോറ്റി, ജോർജ് മാത്യു, എ. മന്മദൻ നായർ, നഗര സഭ ചെയർമാൻ എ.ഷാജു എന്നിവർ പങ്കെടുത്തു