ചവറ: കേരള സർക്കാരിന്റെ അഞ്ചുവർഷത്തെ ഭരണം ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ വൻ മാറ്റുണ്ടാക്കിയെന്നും കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ചവറ തട്ടാശേരിയിൽ ഡോ. സുജിത്ത് വിജയന്റെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ചേർന്ന എൽ.ഡി.എഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ കസ്റ്റംസിന്റെയും കേന്ദ്ര ഏജസികളുടെയും പിഴവുമൂലം മുപ്പത്തിയാറ് തവണ സ്വർണം കടത്തിയിട്ടും ഒന്നും ചെയ്യാനായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യു.ഡി.എഫിന് മൊത്തത്തിൽ ചികിത്സ ആവശ്യമാണെന്നും ഡോ. സുജിത്ത് വിജയനെ നിയമസഭയിലെത്തിക്കണമെന്നും മുല്ലക്കര രത്നാകരൻ പറഞ്ഞു. അച്ഛന്റെ വികസന പ്രവർത്തനങ്ങൾ എണ്ണിയെണ്ണി പറഞ്ഞാണ് ഡോ. സുജിത്ത് വിജയൻ പിള്ള വോട്ടുതേടിയത്. ഐ. ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. കെ. വരദരാജൻ, സൂസൻകോടി തുടങ്ങിയവർ പങ്കെടുത്തു. സി.പി.എം ഏരിയാ സെക്രട്ടറി ടി. മനോഹരൻ സ്വാഗതം പറഞ്ഞു.