
കൊല്ലം: കൊല്ലത്ത് ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിക്കുന്നതിനെതിരെ ഗ്രൂപ്പ് മറന്ന് കോൺഗ്രസിൽ പ്രതിഷേധം. ഡി.സി.സി ജനറൽ സെക്രട്ടറിമാരും കൊല്ലം നിയോജകമണ്ഡലത്തിലെ ബ്ലോക്ക് - മണ്ഡലം പ്രസിഡന്റുമാരും രാജിവച്ചതോടെ പ്രതിഷേധം അണപൊട്ടി.
കൊല്ലത്തിന്റെ ചരിത്രത്തിൽ കോൺഗ്രസിൽ ഇതുപോലൊരു പ്രതിഷേധം ആദ്യമാണ്. വിജയിക്കുന്ന സ്ഥാനാർത്ഥിയാണ് കൊല്ലത്തിന് വേണ്ടതെന്ന മുദ്രാവാക്യവും ഇതിനിടെ മുഴങ്ങി. പി.സി. വിഷ്ണുനാഥിനെ കൊല്ലത്ത് മത്സരിപ്പിക്കുമെന്ന് പ്രചരിച്ചപ്പോൾ തന്നെ രാവിലെ 9 മുതൽ ഡി.സി.സി യിലേയ്ക്ക് നേതാക്കളും പ്രവർത്തകരും എത്തിത്തുടങ്ങി. ഇടയ്ക്ക് പ്രതിഷേധം ചെറു ജാഥകളായി. ചില നേതാക്കൾ പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ പിൻമാറിയില്ല. തുടർന്ന് പതിനൊന്നോടെ ഡി.സി.സി ജനറൽ സെക്രട്ടറിമാർ രാജി പ്രഖ്യാപിച്ചു. സന്ധ്യയോടെ മുല്ലപ്പള്ളി രാമചന്ദ്രന് രാജിക്കത്തുകൾ ഇ- മെയിലായി അയച്ചുതുടങ്ങി. രാവിലെ വന്ന ഭൂരിഭാഗം പേരും രാത്രിയിലും ഓഫീസിൽ നിലയുറപ്പിച്ചു.
ഇതിനിടെ യു.ഡി.എഫ് നേതാക്കൾ ബിന്ദു കൃഷ്ണയെ ഫോണിൽ വിളിച്ച് കുണ്ടറയിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ കുണ്ടറയിൽ മത്സരിക്കരുതെന്ന വാശിയിലായിരുന്നു പ്രവർത്തകരും നേതാക്കളും. ഇക്കാര്യം പിന്നീട് ഇവർ നേതൃത്വത്തെ അറിയിച്ചു. ഡി.സി.സി ഓഫീസ് ഉദ്ഘാടനം മുതൽ കഴിഞ്ഞ നാലര വർഷം കൊല്ലത്ത് പാർട്ടിയെ നയിച്ച ബിന്ദുവിനെ തള്ളി മറ്റൊരാളെ സ്ഥാനാർത്ഥിയാക്കുന്നതിനോട് യോജിക്കാൻ ഒരാൾ പോലും ഉണ്ടായിരുന്നില്ല.
കരച്ചിലിൽ മുങ്ങി ഡി.സി.സി
രാവിലെ 11 കഴിഞ്ഞാണ് ബിന്ദു കൃഷ്ണ ഡി.സി.സിയിൽ എത്തിയത്. അപ്പോഴേയ്ക്കും പ്രവർത്തകരുടെ പ്രതിഷേധം അണപൊട്ടി. ഈ സമയത്താണ് മത്സ്യത്തൊഴിലാളി സ്ത്രീകൾ കൂട്ടമായി എത്തിയത്. ഇവർ കരഞ്ഞും നെഞ്ചത്തടിച്ചും പ്രതിഷേധിച്ചതോടെ ബിന്ദു കൃഷ്ണയും അറിയാതെ കരഞ്ഞുപോയി. ഏറെ നേരം ബിന്ദുവിന് കരച്ചിലടക്കാനായില്ല. ബിന്ദുവിന്റെ കരച്ചിൽകൂടി കണ്ടതോടെ മറ്റ് മത്സ്യത്തൊഴിലാളി സ്ത്രീകൾ പൊട്ടിത്തെറിച്ചു. ഇവിടെ ബിന്ദുവല്ലാതെ ആരെയാണ് ഇറക്കുന്നതെന്ന് കാണണമെന്നായി അവർ. കൂട്ടകരച്ചിൽ ഉയർന്നതോടെ പല നേതാക്കൾക്കും സങ്കടം അടക്കാനായില്ല. തുടർന്ന് ഉച്ചഭക്ഷണം പോലും മറന്ന് തടിച്ചുകൂടിയ ഡി.സി.സി ജനൽ സെക്രട്ടറിമാർ അടക്കമുള്ളവർ രാജിക്കത്ത് അയയ്ക്കുകയായിരുന്നു.