ജന്മനാ വൈകല്യം, പിന്നെ വാഹനാപകടം, ഒടുവിൽ അപൂർവരോഗം
ചാത്തന്നൂർ: തലച്ചോറിന് ചുറ്റുമുള്ള മെനിഞ്ജസെന്ന പാടയ്ക്കുള്ളിൽ നീരുകെട്ടിനിന്ന് തലച്ചോർ അഴുകിത്തീരുന്ന അപൂർവ രോഗത്താൽ 15 വർഷത്തിലേറെയായി മരണവേദന തിന്നുകയാണ് നെടുങ്ങോലം മീനാട് രാജേഷ് ഭവനിൽ രാജേഷ് (47).
രോഗത്തിന്റെ തുടക്കത്തിൽ വല്ലപ്പോഴുമായിരുന്ന ജെന്നി ഇപ്പോൾ ദിവസവും പലതവണയായി. തലയ്ക്കുള്ളിലെ കഠിനവേദന സഹിക്കാൻ കഴിയാതെ ശരീരമാകെ മാന്തിപ്പറിക്കും. മൂത്രം പോകുന്നതിനുള്ള ട്യൂബ് ഇളക്കിയെറിയും. ഇതൊഴിവാക്കാൻ കൈകാലുകൾ തുണികൊണ്ട് കെട്ടുകയല്ലാതെ മാർഗമില്ലെന്ന് നിറകണ്ണുകളോടെ വീട്ടുകാർ പറയുന്നു. ഇനി പ്രത്യേകിച്ച് ചികിത്സയില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.
രാജേഷിന്റെ രണ്ട് മക്കളിൽ മൂത്ത മകൻ ഒൻപതാം ക്ളാസിൽ പഠിക്കുന്നു. ആറാം ക്ളാസിൽ പഠിക്കുന്ന മകൾക്ക് ചെറുപ്രായത്തിൽ തന്നെ തൈറോയ്ഡ് ബാധിച്ചു. ഭിന്നശേഷിക്കാരിയായ കുട്ടിയുടെ കീഴ്ത്തൊണ്ടയിൽ നിന്ന് രണ്ട് ദശയും വളരുന്നു. രാജേഷിന്റെ അമ്മ ഭാസുര പോളിയോ ബാധിച്ച കാലിലെ അസ്ഥി ഒടിഞ്ഞ് മാംസം ഒട്ടിച്ചേർന്ന് കാൽ ചലിപ്പിക്കാനാകാത്ത അവസ്ഥയിലാണ്. ആകെ സഹായത്തിനുള്ള സഹോദരി രാധിക രണ്ടുതവണ ബൈക്കിൽ നിന്ന് വീണ് ശരീരത്തിൽ കമ്പിതുളച്ചുകയറിയ അവശതയിലാണ്.
ഭാര്യ ശൈലജ ചുടുകട്ട ചൂളയിൽ ജോലിക്ക് പോകുന്നതാണ് ഏക വരുമാനം. രാജേഷിന്റെ മരുന്നിന് മാത്രം ആഴ്ചയിൽ 1000 രൂപയിലേറെ ചെലവുണ്ട്. അമ്മയുടെയും മകളുടെയും ചികിത്സയ്ക്ക് വേറെ. വീട്ടുചെലവുകൂടിയാവുമ്പോൾ കുടുംബം പരുങ്ങലിലാകും. ജന്മനാ തലയ്ക്ക് വലിപ്പം കൂടുതലും കാലിന് വൈകല്യവുമുണ്ട് രാജേഷിന്. മോട്ടോർ വർക്ക്ഷോപ്പ് തൊഴിലാളിയായിരിക്കെ 15 വർഷം മുൻപ് വാഹനാപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ജീവിതത്തിലേക്ക് മടങ്ങിവരുമ്പോഴാണ് അപൂർവ രോഗം വില്ലനായത്.
രാജേഷിന്റെ ഓർമ്മയും നശിച്ചുകൊണ്ടിരിക്കുകയാണ്. പൂർണമായും മറവി ബാധിക്കുമെന്നാണ് തിരുവനന്തപുരം മെഡി. കോളേജിലെ ഡോക്ടർമാർ പറയുന്നത്. കിടപ്പിലായ രാജേഷിന് ഒരു വാട്ടർബെഡ് പോലുമില്ല. ഇനി സുമനസുകളുടെ സഹായം മാത്രമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം. ചാത്തന്നൂർ മലബാർ ഗ്രാമീൺ ബാങ്കിൽ ശൈലജയുടെ പേരിൽ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പർ: 40571101016716. ഐ.എഫ്.എസ്.സി കോഡ്: കെ.എൽ.ജി.ബി 0040571.