
പുനലൂർ: റബർ ഫാക്ടറിയിലെ രാസവസ്തു കലർന്ന മാലിന്യം ടാങ്കർ ലോറിയിലെത്തിച്ച് കല്ലടയാറ്റിൽ തള്ളിയ ലോറി ഡ്രൈവർ ഉൾപ്പടെ രണ്ട് പേർ പൊലീസ് പിടിയിൽ. പുനലൂർ സ്വദേശിയും ലോറി ഡ്രൈവറുമായ സുധീർ, ക്ലീനർ ദിലീപ് എന്നിവരെയാണ് പുനലൂർ എസ്.ഐ മിഥുന്റെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടിയത്. ഇന്നലെ പുലർച്ചെ 2ന് പുനലൂർ, നെല്ലിപ്പള്ളി പെട്രോൾ പമ്പിന് സമീപത്തെ പാതയോരത്ത് നിന്നാണ് പ്രതികളെയും ടാങ്കർ ലോറിയും പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പൊലീസിനെ കണ്ട രണ്ട് പേരും കാട്ടിൽ ഒളിക്കാൻ ശ്രമിച്ചു. ഇതിൽ സംശയം തോന്നിയ പൊലീസ് രണ്ട് പേരെയും പിടി കൂടുകയായിരുന്നു. തുമ്പോട് പ്രവർത്തിക്കുന്ന ഒരു സ്വകാര്യ റബർ ഫാക്ടറിയിൽ നിന്ന് ശേഖരിച്ച മാലിന്യമാണ് കല്ലടയാറ്റിൽ തള്ളിയതെന്ന് പൊലീസ് പറഞ്ഞു. പുനലൂർ, കുര്യോട്ട് മല, പിറവന്തൂർ, പട്ടാഴി, തലവൂർ തുടങ്ങിയ പ്രദേശങ്ങളിൽ ശുദ്ധജലം ശേഖരിക്കുന്ന കല്ലടയാറ്റിലാണ് മാരകമായ രാസവസ്തു കലർന്ന മാലിന്യം സ്ഥിരമായി തള്ളുന്നത്. ഇതിനെതിരെ നാട്ടുകാർ നിരവധി തവണ പരാതിയുമായി രംഗത്തെത്തിയെങ്കിലും ബന്ധപ്പെട്ടവർ നടപടികൾ സ്വീകരിച്ചിരുന്നില്ലെന്ന് ആരോപണവും ഉയർന്നിട്ടുണ്ട്. കേസ് എടുത്ത ശേഷം പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചതായി പൊലീസ് പറഞ്ഞു. എ.എസ്.ഐമാരായ അനിൽകുമാർ, നന്ദകൃഷ്ണ കുമാർ തുടങ്ങിയവരും എസ്.ഐക്കൊപ്പം രാത്രികാല പരിശോധനയിൽ പങ്കെടുത്തു.