food

കരുനാഗപ്പള്ളി : കേരള റൂറൽ ഡെവലപ്മെന്റ് ഏജൻസിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന സ്നേഹ സേനയുടെ വിശപ്പുരഹിത കരുനാഗപ്പള്ളി പദ്ധതിയുടെ മൂന്നാം ഘട്ടം ഏപ്രിൽ 10 മുതൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ദുരിതബാധിതരും കിടപ്പു രോഗികളുമായവരുടെ വീടുകളിലേക്ക് ഒരു വർഷത്തേക്കുള്ള ഭക്ഷ്യധാന്യങ്ങൾ എത്തിക്കുന്ന പദ്ധതി 2019 ലാണ് ആരംഭിച്ചത്. കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പ്രത്യേക ബഹുമതിയും പദ്ധതിക്ക് ലഭിച്ചതായി ഭാരവാഹികൾ പറഞ്ഞു. ഈ വർഷം 158 കുടുംബങ്ങൾക്കാണ് ഭക്ഷ്യ ധാന്യ കിറ്റുകൾ നൽകുന്നത്.ആയിരം രൂപയുടെ അരിയും പലവ്യഞ്ജന സാധനങ്ങളുമുൾപ്പെടുന്ന കിറ്റുകളാണ് വിതരണം ചെയ്യുന്നത്. ഈ വർഷം മുതൽ മാനസിക വെല്ലുവിളി നേരിടുന്ന 26 കുടുംബങ്ങൾക്ക് പ്രത്യേക പോഷകാഹാര പദ്ധതിയും ആരംഭിക്കും. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് ഇൻഷ്വറൻസ് പദ്ധതിയും ആലോചിക്കും. ഭവന നിർമ്മാണം, ശുചിമുറി നിർമ്മിക്കൽ, തൊഴിൽ സംരംഭങ്ങൾ, ചികിത്സ സഹായങ്ങൾ എന്നിവയും സംഘടനയുടെ നേതൃത്വത്തിൽ നടത്തി വരുന്നതായി ഭാരവാഹികൾ അറിയിച്ചു. ശാരീരിക വൈകല്യമുള്ള മരുതൂർകുളങ്ങര സ്വദേശി സന്തോഷിന് വീട് നിർമാണത്തിനായി 95000 രൂപയും കൈമാറിയതായി ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ കെ .ആർ.ഡി .എ ചെയർമാൻ അഡ്വ :എം.ഇബ്രാഹിംകുട്ടി, അനിൽ മുഹമ്മദ്,നൗഫൽ പുത്തൻപുരയ്ക്കൽ, രാധാകൃഷ്ണപിള്ള, ഉത്രാടംസുരേഷ്, വിദ്യാസാഗർ എന്നിവർ പങ്കെടുത്തു.