c
പിന്റുവിന്റെ ഭൂമിയുടെ മതിൽക്കെട്ടിനോട് ചേർന്ന് സ്ഥാപിച്ച ട്രാൻസ്ഫോർമർ

പാഴ്ഭൂമിയായി 2.95 സെന്റ്

കൊല്ലം: കെ.എസ്.ഇ.ബിയുടെ പിടിവാശിയിൽ യുവ അഭിഭാഷകന്റെ സ്വന്തമായി ഒരു വീടെന്ന സ്വപ്നം പൊലിയുന്നു. കൊല്ലം ബാറിലെ അഭിഭാഷകനായ പിന്റു വീട് വയ്ക്കാനിരുന്ന ഭൂമിയ്ക്ക് മുന്നിൽ കെ.എസ്.ഇ.ബി ട്രാൻസ്ഫോർമർ സ്ഥാപിച്ചതാണ് പ്രശ്നം. സ്വകാര്യ ഭൂമിയിൽ നിന്ന് 1.2 മീറ്റർ അകലത്തിലേ ട്രാൻസ്ഫോർമർ സ്ഥാപിക്കാവൂ എന്നാണ് ചട്ടം. എന്നാൽ പഴയാറ്റിൻകുഴി പന്ത്രണ്ടുമുറിയിലെ പിന്റുവിന്റെ ഭൂമിയുടെ മതിൽക്കെട്ടിനോട് ചേർന്നാണ് ട്രാൻസ്ഫോർമർ സ്ഥാപിച്ചിരിക്കുന്നത്. ട്രാൻസ്ഫോർമറിന്റെ പല ഭാഗങ്ങളും പിന്റുവിന്റെ ഭൂമിയിലേക്ക് തള്ളി നിൽക്കുകയാണ്. സുരക്ഷാ കാരണങ്ങളാൽ ട്രാൻസ്ഫോർമറിൽ നിന്ന് 10 മീറ്റർ അകലത്തിലേ നിർമ്മാണ പ്രവർത്തനം പാടുള്ളൂവെന്നും ചട്ടമുണ്ട്. പിന്റുവിന് ഇവിടെ ആകെ 2.95 സെന്റ് ഭൂമിയുണ്ട്. ട്രാൻസ്ഫോർമറിൽ നിന്ന് 10 മീറ്റർ വിട്ടാൽ ഒരു നുള്ളുമണ്ണ് പോലും വീട് വയ്ക്കാൻ പിന്നെയില്ല.

പരാതി നൽകിയിട്ടും ഫലമില്ല

2020 ജനുവരിയിൽ ട്രാൻസ്ഫോർമർ സ്ഥാപിച്ചപ്പോൾ തന്നെ പിന്റു കെ.എസ്.ഇ.ബിക്ക് പരാതി നൽകിയെങ്കിലും ട്രാൻസ്ഫോർമർ മാറ്റാൻ തയ്യാറായില്ല. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചു. പരാതി പരിശോധിച്ച് നടപടി സ്വീകരിക്കാൻ ഹൈക്കോടതി കളക്ടറെ ചുമതലപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോഴും ട്രാൻസ്ഫോർമർ മാറ്റാനാകില്ലെന്ന നിലപാടിലാണ് കെ.എസ്.ഇ.ബി അധികൃതർ.