
എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കുന്നു
കൊല്ലം: നഗരത്തിലെ മൂന്ന് പ്രധാന മേല്പാലങ്ങൾ വൈകാതെ പുത്തൻ എൽ.ഇ.ഡി ലൈറ്റുകളുടെ പ്രഭയിൽ മിന്നിത്തിളങ്ങും. ചിന്നക്കട റെയിൽവേ, എസ്.പി ഓഫീസ്, ചെമ്മാംമുക്ക് എന്നിവിടങ്ങളിലെ മേല്പാലങ്ങളിലാണ് പുതിയ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കുന്നത്. ചിന്നക്കട മേല്പാലത്തിലെയും എസ്.പി ഓഫീസ് മേല്പാലത്തിലെയും പല വിളക്കുകളും ഇപ്പോൾ പ്രകാശിക്കാറില്ലെന്ന് യാത്രക്കാർ പറയുന്നു. ചെമ്മാംമുക്ക് മേല്പാലത്തിലെ വിളക്കുകൾ കേടായിട്ട് മാസങ്ങൾ പിന്നിട്ടു. ഈ സാഹചര്യത്തിലാണ് പുതിയ ലൈറ്റുകൾ സ്ഥാപിക്കുന്നത്. ചിന്നക്കട മേല്പാലത്തിലെ പ്രകാശക്കുറവ് പരിഹരിക്കുന്ന തരത്തിൽ 60 വാട്സിന്റെ 28 ലൈറ്റുകളാകും പുതുതായി ഇടുക. ആശ്രാമം ലിങ്ക് റോഡിലെ തെരുവ് വിളക്കുകളിലും പുതിത എൽ.ഇ.ഡി വൈകാതെ സ്ഥാപിക്കും.
നിലാവ് പദ്ധതി
ലൈറ്റുകൾ നഗരസഭ നേരിട്ട് വാങ്ങിയ ശേഷം തെരുവ് വിളക്ക് പരിപാലനം നടത്തുന്ന ഏജൻസിയെ കൊണ്ടാകും സ്ഥാപിക്കുക. നഗരത്തിലെ മറ്റ് തെരുവ് വിളക്കുകൾ എൽ.ഇ.ഡിയാക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട നടപടികളും പുരോഗമിക്കുകയാണ്. എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കിഫ്ബിയിൽ നിന്ന് സഹായം നൽകുന്ന നിലാവ് പദ്ധതിയിൽ പങ്കാളിയാകാൻ നഗരസഭ കൗൺസിൽ യോഗം നേരത്തേ പ്രാഥമിക അനുമതി നൽകിയിരുന്നു.
ചിന്നക്കട മേല്പാലത്തിൽ 60 വാട്സിന്റെ 28 ലൈറ്റുകൾ