photo
പി.ഐഷാപോറ്റി എം.എൽ.എ ഇടത് മുന്നണി സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാലിനെ തലയിൽ കൈവച്ച് അനുഗ്രഹിക്കുന്നു

കൊല്ലം: തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തുകയാണ്, ദിവസങ്ങൾ അടുക്കുംതോറും എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാലിന് മണ്ഡലത്തിലെ സ്വീകാര്യത ഏറുകയാണ്. സെൽഫിയെടുത്തും തമാശകൾ പറഞ്ഞും ഗൗരവമേറിയ രാഷ്ട്രീയം പറഞ്ഞുമൊക്കെയാണ് ബാലഗോപാൽ ജനങ്ങളുടെ ഒപ്പം ചേരുന്നത്. പാർട്ടിയുടെ ഉന്നത സ്ഥാനത്തിരിക്കുന്നയാളോട് മിണ്ടാനും വിശേഷങ്ങൾ പറയാനുമൊക്കെ പലർക്കും ആദ്യം മടിയായിരുന്നു. മിണ്ടിത്തുടങ്ങിയവർ പിന്നെ പലരോടും പറയുന്നത് 'സഖാവ് സിമ്പിളാ' എന്നാണ്. അതുകൊണ്ടുതന്നെ ഒന്നാം ഘട്ട പ്രവ‌ർത്തനങ്ങളിൽ കൂടുതൽപേർ സജീവമാവുകയാണ്. പി.ഐഷാപോറ്റി എം.എൽ.എ മണ്ഡലത്തിലെത്തിച്ച വലിയ വികസന നേട്ടങ്ങളും സർക്കാരിന്റെ ജനകീയ മുഖവും വികസന-കരുതൽ പ്രവർത്തനങ്ങളുമെല്ലാം പ്രവർത്തകർ വീടുകയറിയും യോഗങ്ങൾ വച്ചും വിവരിക്കുന്നുണ്ട്. കൊട്ടാരക്കര നഗരസഭയിലും കുളക്കട, മൈലം, നെടുവത്തൂർ, കരീപ്ര, വെളിയം, ഉമ്മന്നൂർ, എഴുകോൺ പഞ്ചായത്തുകളിലും പ്രധാന കേന്ദ്രങ്ങളിലൊക്കെ സ്ഥാനാർത്ഥിയ്ക്ക് എത്താൻ കഴിഞ്ഞു. കൂടുതൽ ഇടങ്ങളിലേക്കും ഉടൻ ഇറങ്ങുകയാണ്. പി.ഐഷാപോറ്റി എം.എൽ.എയ്ക്കൊപ്പമാണ് മിക്കയിടങ്ങളിലും എത്തുന്നത്. ഇന്നലെ കരീപ്ര പഞ്ചായത്തിൽ ആരാധനാലയങ്ങളിലും തൊഴിലിടങ്ങളിലും ശരണാലയം അഗതി മന്ദിരത്തിലും പ്രധാന കവലകളിലുമൊക്കെ ബാലഗോപാലും സംഘവുമെത്തി.

ഇനി കൊട്ടാരക്കരക്കാരൻ

കൊട്ടാരക്കരയിൽ സ്ഥാനാർത്ഥിയായതോടെ ഇനി ഇവിടെ താമസവും ഉറപ്പിക്കാനാണ് ബാലഗോപാലിന്റെ തീരുമാനം. തത്ക്കാലത്തേക്ക് വാടക വീട് കൊട്ടാരക്കരയിലെടുത്ത് താമസവും മാറ്റി. തിരഞ്ഞെടുപ്പ് കഴിഞ്ഞാലും കൊട്ടാരക്കരക്കാരനാകാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ്.