poo

 ഇരവിപുരത്ത് അങ്കം മുറുകി

കൊല്ലം: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞ ബാബുദിവാകരൻ കളം നിറഞ്ഞതോടെ ഇരവിപുരത്ത് അങ്കം മുറുകി. വോട്ട് ചോദിച്ച് ചെല്ലുന്നിടത്തെല്ലാം ബാബുദിവാകരന് പരിചയക്കാരുണ്ട്. ബന്ധുക്കളുണ്ട്. യു.ഡി.എഫ് സ്ഥാനാർത്ഥിയായ അദ്ദേഹം ഇന്നലെ കിളികൊല്ലൂർ മേഖലയിലാണ് വോട്ട് ചോദിച്ചിറങ്ങിയത്. ' സാറിന് ഞങ്ങളെ അറിയില്ലേ 'എന്നാണ് അവിടുത്തെ പല വോട്ടർമാരുടെയും പ്രതികരണം.

1987 ലാണ് ബാബുദിവാകരൻ ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. കന്നി അങ്കത്തിൽ തന്നെ വിജയം സമ്മാനിച്ച കൊല്ലം മണ്ഡലത്തിലെ പല പ്രദേശങ്ങളും ഇപ്പോൾ ഇരവിപുരത്തുണ്ട്. 40 വർഷത്തിലേറെയായി പൊതുരംഗത്തുണ്ട്. അതിനപ്പുറം കേരള രാഷ്ട്രീയത്തിലെ അതികായനായ ടി.കെ. ദിവാകരന്റെ മകനെന്ന മേൽവിലാസം. അതുംപോരാഞ്ഞ് അച്ഛന്റെ മുഖച്ഛായയും. വോട്ട് ചോദിച്ചെത്തുമ്പോൾ പ്രായമായവർ 'ടി.കെ....'എന്ന് പറഞ്ഞാണ് അടുത്തേക്ക് എത്തുന്നത്. നേരത്തെയും ഇപ്പോഴും നിരവധി ട്രേഡ് യൂണിയനുകളുടെ അമരക്കാരനാണ് അദ്ദേഹം. ഈ ട്രേഡ് യൂണിയനുകളിലെ നൂറ് കണക്കിന് അംഗങ്ങൾ ഇരവിപുരത്തുണ്ട്. വോട്ട് ചോദിച്ചെത്തുമ്പോൾ അവരിൽ പലരും ഒപ്പം ചേരും. പിന്നെ ഒരുമിച്ചാണ് വോട്ടുപിടിത്തം. 2001ൽ കൊല്ലത്ത് നിന്ന് മത്സരിച്ച് തൊഴിൽ മന്ത്രിയായി. എം.എൽ.എയും മന്ത്രിയുമൊക്കെ ആയിരുന്നപ്പോൾ ആയിരങ്ങളാണ് സഹായം തേടിയെത്തിയിട്ടുള്ളത്. അവരാരും മനസ് വിഷമിച്ച് മടങ്ങിയിട്ടില്ല. സഹായിക്കാൻ പഴുതുണ്ടെങ്കിൽ അതിനായി ഏതറ്റം വരെയും പോകും. നടക്കാത്ത കാര്യമാണെങ്കിൽ അത് ബോദ്ധ്യപ്പെടുത്തും. അതായിരുന്നു ബാബുദിവാകരന്റെ ശൈലി.

അഞ്ച് വർഷം കൊണ്ട് ഇരവിപുരത്തിന് പുത്തൻ വികസനാനുഭവങ്ങൾ സമ്മാനിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. നൗഷാദ് പ്രചരണത്തിൽ മുന്നേറുകയാണ്. ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി രഞ്ജിത്ത് രവീന്ദ്രനും കഴിഞ്ഞ ദിവസം രംഗപ്രവേശം ചെയ്തു. മൂവർക്കും ഇരവിപുരത്ത് ആഴത്തിൽ ബന്ധങ്ങളുണ്ട്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോൾ ഇരവിപുരത്ത് തീപാറുമെന്ന് ഉറപ്പാണ്.