dcc
പി.സി. വിഷ്ണുനാഥിനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കുണ്ടറയിലെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ഡി.സി.സി ഓഫീസിന് മുകളിൽ കയറി മുദ്രാവാക്യം വിളിക്കുന്നു

കൊല്ലം: കുണ്ടറയിൽ പി.സി. വിഷ്ണുനാഥിനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡി.സി.സി ഓഫീസിന് മുകളിൽ കയറി മുദ്രാവാക്യം വിളിച്ചു. ഇക്കാര്യം ഉമ്മൻചാണ്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉറപ്പ് നൽകിയതോടെയാണ് പ്രവർത്തകർ താഴെയിറങ്ങിയത്.

ഇന്നലെ രാവിലെ പതിനൊന്നരയോടെ കുണ്ടറ മണ്ഡലത്തിലെ രണ്ട് ബ്ലോക്ക് പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി ഡി.സി.സി ഓഫീസിലെത്തി. എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെ. മേഴ്സിക്കുട്ടിഅമ്മക്കെതിരെ ശക്തനായ സ്ഥാനാർത്ഥി വേണമെന്നും പി.സി. വിഷ്ണുനാഥിനെ കളത്തിലിറക്കണമെന്നുമായിരുന്നു ആവശ്യം. കുണ്ടറയിലെ നേതാക്കൾ ബിന്ദുകൃഷ്ണയുമായി ഓഫീസിനുള്ളിൽ ചർച്ച നടത്തുമ്പോഴാണ് ഒരുവിഭാഗം പ്രവർത്തകർ കെട്ടിടത്തിന് മുകളിൽ കയറിയത്.

കോൺഗ്രസ് തൃക്കോവിൽവട്ടം ബ്ലോക്ക് പ്രസിഡന്റ് നാസിമുദ്ദീൻ ലബ്ബ, കുണ്ടറ ബ്ലോക്ക് പ്രസിഡന്റ് ബാബുരാജ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.