photo
കൊട്ടാരക്കരയിലെ ഇടത് മുന്നണി സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാൽ വെട്ടിക്കവല ബി.ഡി.ഒ മുൻപാകെ പത്രിക സമർപ്പിക്കുന്നു. പി.ഐഷാപോറ്റി സമീപം

കൊല്ലം: രക്തസാക്ഷി കോട്ടാത്തല സുരേന്ദ്രന്റെ സ്മൃതി മണ്ഡപത്തിനുമുന്നിൽ നിന്ന് കെ.എൻ.ബാലഗോപാൽ ഈങ്ക്വിലാബ് വിളിച്ചു, ഒപ്പമുണ്ടായിരുന്ന പ്രവർത്തകർ ആവേശത്തോടെ ഏറ്റുവിളിച്ചു. ഇന്നലെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും മുൻപാണ് കെ.എൻ.ബാലഗോപാലും സംഘവും കോട്ടാത്തലയിലെത്തി സുരേന്ദ്രന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയത്. സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, പി.എ.എബ്രഹാം, ജോർജ്ജ് മാത്യു, പി.ഐഷാപോറ്റി, കെ.എസ്.ഇന്ദുശേഖരൻ നായർ, എ.മന്മദൻ നായർ, പി.കെ.ജോൺസൺ, വി.രവീന്ദ്രൻ നായർ, എൻ.ബേബി, എസ്.ആർ.രമേശ്, എൻ.ചന്ദ്രൻ എന്നിവർക്കൊപ്പമാണ് ബാലഗോപാൽ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കെത്തിയത്. അതിനുമുൻപായി രക്തസാക്ഷികളായ അബ്ദുൾ മജീദിന്റെയും തങ്ങൾക്കുഞ്ഞിന്റെയും വസതികളിലെത്തി ബന്ധുക്കളുടെ അനുഗ്രഹവും വാങ്ങി. പതിനൊന്നരയോടെയാണ് അസി.വരണാധികാരിയായ വെട്ടിക്കവല ബി.ഡി.ഒ മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. പി.ഐഷാപോറ്റിയും എ.മന്മദൻ നായരും സ്ഥാനാർത്ഥിയ്ക്കൊപ്പം പത്രികാസമർപ്പണത്തിൽ പങ്കെടുത്തു. വൈകിട്ട് വെളിയം, നെടുവത്തൂർ, ഉമ്മന്നൂർ പഞ്ചായത്തുകളിൽ പര്യടനം നടത്തി. ഇടത് യുവജന സംഘടനകളുടെ സംയുക്ത കൺവെൻഷനും ഇന്നലെ കൊട്ടാരക്കരയിൽ ചേർന്നു. മണ്ഡലത്തിലെ ലോക്കൽ, ബൂത്ത് കൺവെൻഷനുകൾ പൂർത്തീകരണ ഘട്ടത്തിലാണെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.