bala

 വീഡിയോ പ്രചാരണത്തിന് ന്യൂജെൻ ഐഡിയ

കൊല്ലം: സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മൊബൈലിലെടുക്കുന്ന വീഡിയോകൾ എഡിറ്റ് ചെയ്ത് സിനിമാ, നാടക ഗാനങ്ങളും ഡയലോഗുകളും ചേർത്ത് പ്രചരിപ്പിക്കുന്ന ന്യൂജെൻ ട്രെൻഡിന് പിന്നാലെ സ്ഥാനാർത്ഥികൾ. നവമാദ്ധ്യമങ്ങളിലൂടെയാണ് ഇത്തരം വീഡിയോകളുടെ വൻ രീതിയിലുള്ള പ്രചാരണം. സ്ഥാനാർത്ഥികളുടെ ഔദ്യോഗിക പേജുകളിലും പാർട്ടി ഗ്രൂപ്പുകളിലും ഇത്തരം വീഡിയോകൾ ധാരാളമുണ്ട്.

പുത്തൻ ട്രെൻഡിലുള്ള വീഡിയോകൾക്ക് റീച്ച് കൂടുമെന്നതിനാൽ വരും ദിവസങ്ങളിൽ നവമാദ്ധ്യമങ്ങളിൽ വീഡിയോ മേളമായിരിക്കുമെന്ന് ഉറപ്പാണ്. ചിലയിടങ്ങളിൽ ത്രീഡി ഗ്രാഫിക് ആനിമേറ്റഡ് വീഡിയോകളുടെ നിർമ്മാണവും നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പിൽ നവമാദ്ധ്യമങ്ങൾക്ക് വലിയ സ്വാധീനം ചെലുത്താൻ കഴിയുമെന്ന തിരിച്ചറിവാണ് പുത്തൻ രീതികൾ പരീക്ഷിക്കാൻ സ്ഥാനാർത്ഥികളെ പ്രേരിപ്പിക്കുന്നത്.

 വൈറലായി കെ.എൻ. ബാലഗോപാലിന്റെ വീഡിയോ

ഇന്നലെ കൊട്ടാരക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ. ബാലഗോപാൽ നാമനിർദ്ദേശപത്രിക സമർപ്പിക്കാനെത്തിയ വീഡിയോ ഇത്തരത്തിൽ പ്രചരിപ്പിച്ചത് കാഴ്ചക്കാർക്ക് നവ്യാനുഭവമായി. കൊമേഴ്സ്യൽ സിനിമയിലെ നായകന്റെ ഇൻട്രോ സീനിന് സമാനമാണ് സ്ലോമോഷനിൽ സ്ഥാനാർത്ഥി കാറിൽ നിന്നിറങ്ങുന്നതും നടക്കുന്നതും. ഒരുമിനിറ്റ് ദൈർഘ്യമുള്ള വീഡിയോയ്ക്ക് വിപ്ലവഗാനത്തിന്റെ അകമ്പടിയുമുണ്ട്. സ്ഥാനാർത്ഥിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഇത് ഷെയർ ചെയ്തതോടെ വീഡിയോ സൂപ്പർ ഹിറ്റായി.