കൊല്ലം: കുണ്ടറയിൽ വീണ്ടും ജയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ജെ. മേഴ്സിക്കുട്ടി അമ്മയുടെ പ്രചാരണം. കഴിഞ്ഞ ദിവസം ക്രൈസ്തവ, ഹൈന്ദവ, മുസ്ലിം ദേവാലയങ്ങൾ സന്ദർശിച്ച് മേഴ്സിക്കുട്ടിഅമ്മ വോട്ടുതേടി. കാഞ്ഞിരകോട്, കുമ്പളം, പടപ്പക്കര, കരിക്കുഴി ഇടവകകളിലെ ക്രൈസ്തവ ദേവാലയങ്ങളിലാണ് സന്ദർശനം നടത്തിയത്. തൊഴിലുറപ്പ്, കശുഅണ്ടി, മത്സ്യ തൊഴിലാളികളെ നേരിട്ടുകണ്ട് വോട്ടഭ്യർത്ഥിച്ചു. മണ്ഡലത്തിലെ പെരിനാട്, കുണ്ടറ, ഇളമ്പള്ളൂർ, നെടുമ്പന, പേരയം പഞ്ചായത്തുകളിൽ ആദ്യഘട്ട പ്രചാരണ പ്രവർത്തനങ്ങൾ കഴിഞ്ഞു. ഇവിടങ്ങളിലെ പഞ്ചായത്തുതല തിരഞ്ഞെടുപ്പ് കൺവെൻഷനുകളും പൂർത്തിയായി.
ചുവരെഴുത്ത്, പോസ്റ്റർ പ്രചാരണം എന്നിവയ്ക്ക് പുറമേ മണ്ഡലത്തിൽ വലിയ കട്ടൗട്ടുകളും സ്ഥാപിച്ചുകഴിഞ്ഞു. ചെല്ലുന്നയിടങ്ങളിലെല്ലാം ആവേശകരമായ പ്രതികരണമാണ് വോട്ടർമാരിൽ നിന്ന് ലഭിക്കുന്നതെന്ന് ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. ഇന്നലെ രാവിലെ പതിനൊന്നിന് കളക്ടറേറ്റിലെത്തി വരണാധികാരി ഡെപ്യൂട്ടി കളക്ടർ പ്രിയ ഐ. നായരുടെ മുൻപിൽ നോമിനേഷൻ സമർപ്പിച്ചു.
സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ യു.ഡി.എഫ്
കുണ്ടറയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രഖ്യാപനത്തിൽ അനിശ്ചിതത്വം തുടരുകയാണ്. കഴിഞ്ഞദിവസം പി.സി. വിഷ്ണുനാഥിന്റെ പേര് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രഖ്യാപനം മാറ്റിവയ്ക്കുകയായിരുന്നു. കല്ലട രമേശിന്റെ പേരും പരിഗണനയിലുണ്ട്. അതേസമയം പി.സി. വിഷ്ണുനാഥിനെ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പ്രവർത്തകർ കുണ്ടറയിൽ പോസ്റ്റർ പതിച്ചു. ഇന്നലെ കൊല്ലം ഡി.സി.സി ഓഫീസിൽ പ്രതിഷേധവും നടത്തി.