കൊല്ലം: കൊല്ലം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. മുകേഷ് വോട്ടർമാരെ നേരിൽക്കണ്ട് പ്രചാരണത്തിൽ മുന്നിലെത്തിയെങ്കിലും കൂടെയെത്തി മണ്ഡലം പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയും ഡി.സി.സി പ്രസിഡന്റുമായ ബിന്ദുകൃഷ്ണ. വികസനപ്രവർത്തനങ്ങൾ ഒന്നൊന്നായി എടുത്തുകാട്ടിയാണ് മുകേഷിന്റെ വോട്ടുപിടിത്തമെങ്കിൽ മണ്ഡലത്തിൽ പൂർത്തിയാകാത്ത പദ്ധതികൾ ഏറെയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബിന്ദുകൃഷ്ണയുടെ പ്രചാരണം. സംസ്ഥാനം മുഴുവൻ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് കൊല്ലം. നിലവിലെ എം.എൽ.എയും താരപരിവേഷവുമുള്ള മുകേഷും കോൺഗ്രസിലെ കരുത്തുറ്റ പ്രമുഖ വനിതാനേതാവ് ബിന്ദുകൃഷ്ണയും നേർക്കുനേർ അങ്കത്തിനിറങ്ങുമ്പോൾ മത്സരം കടുക്കുമെന്ന് ഉറപ്പ്.
എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. മുകേഷ് കൊല്ലം മണ്ഡലത്തിലെ കിളികൊല്ലൂർ, മങ്ങാട്, തൃക്കരുവ, നീരാവിൽ, തങ്കശേരി എന്നിവിടങ്ങളിൽ ആദ്യഘട്ട പ്രചാരണം പൂർത്തിയാക്കി. മണ്ഡലം, പഞ്ചായത്ത് കൺവെൻഷനുകളും പൂർത്തിയാക്കി. മിക്കയിടങ്ങളിലും ചുവരെഴുത്ത് പൂർത്തിയാക്കി പോസ്റ്റർ പ്രചാരണവും തുടങ്ങി.
ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളായ സി.വി. പത്മരാജൻ, സമദ് എന്നിവരുടെ വീട്ടിലെത്തി അനുഗ്രഹം വാങ്ങിയാണ് ബിന്ദുകൃഷ്ണ പ്രചാരണം ആരംഭിച്ചത്. കഴിഞ്ഞദിവസം വൈകിട്ടാണ് ബിന്ദുകൃഷ്ണയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഇന്നലെ രാവിലെ നഗരത്തിലെ കമ്പോളങ്ങളിലും ചാമക്കട ഭാഗങ്ങളിലും വോട്ടർമാരെ നേരിൽക്കണ്ട് വോട്ടഭ്യർത്ഥിച്ചാണ് പ്രചാരണം ആരംഭിച്ചത്.
ബി.ജെ.പി സ്ഥാനാർത്ഥിയിൽ സസ്പെൻസ്
കൊല്ലം മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയാരെന്ന ചോദ്യത്തിന് സസ്പെൻസ് തുടരുന്നു. ജില്ലയിൽ കരുനാഗപ്പള്ളി, കൊല്ലം മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി പ്രഖ്യാപനം ഇനിയും ഉണ്ടായിട്ടില്ല. വൈകിയായാലും ശക്തരായ സ്ഥാനാർത്ഥികളായിരുക്കുമെന്നുള്ള സൂചനയാണ് വിവിധ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽ വോട്ടുനില ഉയർന്നത് കണക്കിലെടുത്താവും സ്ഥാനാർത്ഥിയെ തീരുമാനിക്കുക.