
കൊല്ലം: എൻ.ഡി.എ സ്ഥാനാർത്ഥി രഞ്ജിത്ത് രവീന്ദ്രൻ വോട്ട് ചോദിച്ചിറങ്ങിയപ്പോൾ കാണുന്നതെല്ലാം പരിചിത മുഖങ്ങൾ. ബി.ഡി.ജെ.എസ് നേതാവായും എസ്.എൻ.ഡി.പി യോഗം യൂത്ത്മെന്റ് പ്രവർത്തകനായും ഇന്നലെകളിൽ ഇരവിപുരത്താകെ സജീവമായിരുന്നു രഞ്ജിത്ത് രവീന്ദ്രൻ. അതിനപ്പുറം ആഴത്തിലുള്ള ബന്ധു, സുഹൃദ് വലയങ്ങൾ. വോട്ട് ചോദിക്കും മുൻപ് തന്നെ വോട്ടർമാർ തലയിൽ കൈ വച്ച് അനുഗ്രഹിക്കുമ്പോൾ, ഈ കന്നി അങ്കക്കാരന്റെയും ഒപ്പമുള്ള പ്രവർത്തകരുടെയും ആവേശം ആകാശത്തോളം ഉയരുകയാണ്.
കഴിഞ്ഞ രണ്ട് ദിവസമായി വീടുകൾ കയറി വോട്ട് ചോദിച്ചു. ഇന്ന് പ്രചരണം ഔദ്യോഗികമാവും. അതും നൂറ് കണക്കിന് പ്രവർത്തകർ അണിനിരക്കുന്ന ബൈക്ക് റാലിയോടെ. വൈകിട്ട് 4ന് മേവറത്ത് നിന്ന് ആരംഭിക്കുന്ന ബൈക്ക് റാലി ഇരവിപുരത്തിന്റെ ഹൃദയവഴികളിലൂടെയെല്ലാം സഞ്ചരിക്കും. ബൈക്കുകൾക്ക് മുന്നിൽ തുറന്ന വാഹനത്തിൽ സഞ്ചരിച്ച് രഞ്ജിത്ത് വോട്ടർമാരെ അഭിവാദ്യം ചെയ്യും. എസ്.എൻ കോളേജിലെ വിദ്യാഭ്യാസ കാലത്ത് എ.ബി.വി.പിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. ബി.ഡി.ജെ.എസ് രൂപീകരിച്ചപ്പോൾ തന്നെ സജീവ പ്രവർത്തകനായി. ഇപ്പോൾ ജില്ലാ ട്രഷററാണ്. എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് കൊല്ലം യൂണിയൻ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. ടൂറിസ്റ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറിയാണ്. എം.ബി.എ ബിരുദധാരിയാണ്.
സൗമ്യമായ പെരുമാറ്റം. അതാണ് രഞ്ജിത്ത് രവീന്ദ്രന്റെ മുഖമുദ്ര. അതുകൊണ്ട് തന്നെ രഞ്ജിത്ത് വളരെ വേഗം വോട്ടർമാരുടെ ഹൃദയത്തിൽ കയറിപ്പറ്റുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ പ്രവർത്തകർ. കേരളം മാറിമാറി ഭരിക്കുന്ന ഇടത് വലത് മുന്നണികൾക്കെതിരായ വിധിയെഴുത്തിനൊപ്പം നരേന്ദ്ര മോദിയുടെ വികസന നേട്ടങ്ങൾക്കുള്ള അംഗീകാരം കൂടിയാകും ഈ തിരഞ്ഞെടുപ്പെന്ന് രഞ്ജിത്ത് രവീന്ദ്രൻ പറയുന്നു.